തിരുവനന്തപുരം: പ്രശസ്ത കവിയും ഭാഷാ പണ്ഡിതനുമായ ഡോ.പുതുശേരി രാമചന്ദ്രൻ (92) അന്തരിച്ചു. എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ അനേകം ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ശക്തിപൂജ, പുതുശേരി കവിതകൾ തുടങ്ങിയവ പ്രശസ്ത കൃതികളാണ്. ‘തിളച്ചമണ്ണിൽ കാൽനടയായി’ ആത്മകഥയാണ്.

ഇടതുപക്ഷ സഹയാത്രികനായിരുന്ന പുതുശേരി വിപ്ലവ കവിയെന്ന നിലയിലും അറിയപ്പെട്ടു. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. എസ്എൻ കോളേജിലും കേരള സർവകലാശാല മലയാള വിഭാഗത്തിലും അധ്യാപകനായിരുന്നു.

ഇംഗ്ലീഷ്, സംസ്കൃതം, തമിഴ് ഭാഷകളിൽനിന്ന് നിരവധി കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വളളത്തോൾ പുരസ്കാരം, കേരള സാഹിത്യ അക്കാദമി ഫെലോഷിപ് അടക്കം ലഭിച്ചിട്ടുണ്ട്.

ഭാഷയ്ക്കും സംസ്കാരത്തിനും പുരോഗമന സാംസ്കരിക പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ് പുതുശ്ശേരി രാമചന്ദ്രന്റെ നിര്യാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചടുത്തോളം കൃതജ്ഞതയോടെ മാത്രമേ പുതുശേരിയെ ഓർമ്മിക്കാനാകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.