കോഴിക്കോട്: കോഴിക്കോട് മലബാർ ഹോസ്‌പിറ്റൽ ഉടമയും ഡോക്ടറുമായ പി.എ.ലളിത അന്തരിച്ചു. ആലപ്പുഴ സ്വദേശിയാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഘടകത്തിന്റെ ആദ്യ വനിതാ വിഭാഗം ചെയർപേഴ്‌സണായിരുന്നു. നിരവധി തവണ കാൻസറിനെ മനക്കരുത്തിലൂടെ അതിജീവിച്ചിരുന്നു. ഭർത്താവ്: ഡോ.മണി, മകൾ: ഡോ.മിലി മണി.

ഐഎംഎ കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി, പ്രസിഡന്റ്, അബലാമന്ദിരത്തി​​ന്റെ ഉപദേശക സമിതി ചെയര്‍പേഴ്സണ്‍, ജുവനൈൽ വെൽഫയർ ബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരി​​ന്റെ വനിതാരത്നം അവാര്‍ഡ്, 2006ൽ ഐ.എം.എ.യുടെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം, ഐ.എം.എ വനിതാവിഭാഗത്തി​​ന്റെ 2014 ലെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അഞ്ച് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും ഡോ.ലളിതയുടേതായുണ്ട്. മനസിലെ കൈയ്യൊപ്പ്, മരുന്നുകള്‍ക്കപ്പുറം, പറയാനുണ്ടേറെ, മുഖങ്ങള്‍ അഭിമുഖങ്ങള്‍, കൗമാരം അറിയേണ്ടതെല്ലാം എന്നിവയാണ് പുസ്തകങ്ങൾ.

ലളിത ഡോക്ടറുടെ മൃതദേഹം മലബാർ ഹോസ്പിറ്റൽ ന്യൂ ബ്ലോക്കിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന്‌ ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കാവിലെ വസതിയിലേക്ക് കൊണ്ടു പോകും. ഇന്ന്‌ വൈകീട്ട് നാലിന് വെസ്റ്റ്ഹിൽ ശ്മശാനത്തിലാണ് സംസ്കാരം. കോവിഡ് – 19 പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ പൊതുദർശനം ഉണ്ടാവില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.