‘മനുഷ്യത്വം ഇങ്ങനെ ജ്വലിച്ചുയർന്നു നിൽക്കുമ്പോൾ ഒരു മഹാമാരിയ്‌ക്കും ഒരു ദുരന്തത്തിനും നമ്മളെ കീഴ്‌പ്പെടുത്താൻ സാധിക്കില്ല. നമ്മളീ കാലവും മറികടന്നു കൂടുതൽ കരുത്തോടെ മുന്നോട്ടു പോകും’ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ച വരികളാണ്. ഡോ.മേരി അനിത എന്ന സാമൂഹ്യപ്രവര്‍ത്തകയെ കുറിച്ചാണ് മുഖ്യമന്ത്രിയുടെ ഇങ്ങനെ പറഞ്ഞത്.
കോവിഡ് ബാധിച്ച് ക്വാറന്റെെനിൽ പോകേണ്ടി വന്ന ഒരമ്മയും അച്ഛനും. ആ സാഹചര്യത്തിൽ ആറു മാസം മാത്രം പ്രായമുള്ള അവരുടെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ഒരു മാസത്തോളം ആ ഏറ്റെടുക്കുകയും ചെയ്‌തതാണ് ഡോ.മേരി അനിതയെ കേരളത്തിന്റെ മനുഷ്യത്വത്തിന്റെ മുഖമാക്കിത്തീര്‍ത്തത്.
Read Here: മനുഷ്യത്വമിങ്ങനെ ജ്വലിച്ചുയര്‍ന്നു നില്‍ക്കുമ്പോള്‍; കേരളം നെഞ്ചേറ്റിയ ചിത്രങ്ങള്‍
ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലേക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോ.മേരി അനിത ജൂൺ 14 നാണ് സന്നദ്ധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു ഗ്രൂപ്പിൽ ഒരു സന്ദേശം കാണുന്നത്. ‘ആറു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ സംരക്ഷിക്കാൻ ആളെ വേണം, കുഞ്ഞിന്റെ മാതാപിതാക്കൾക്ക് കോവിഡ് പോസിറ്റീവ് ആണ്. കുഞ്ഞ് ഹെെ-റിസ്‌ക് പട്ടികയിലാണ്.’ ഈ സന്ദേശം കണ്ടയുടനെ മേരി അനിത കെെ ഉയർത്തി ‘ഞാൻ തയ്യാർ.’
ക്വാറന്റെെനിലിരിക്കുന്ന സ്വന്തം വീട്ടുകാരെ പോലും അവഗണിക്കുന്നവരാണ് നമുക്ക് ചുറ്റിലുമുള്ളത്. അതിനിടയിലാണ് ഇതുവരെ കാണാത്ത ഒരു കുഞ്ഞിനെ സംരക്ഷിക്കാൻ, അതും കോവിഡ് പോസിറ്റീവ് ആകാൻ സാധ്യതയുള്ള കുഞ്ഞിനെ സംരക്ഷിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് മേരി അനിത രംഗത്തെത്തിയത്. കോവിഡ് പോസിറ്റീവ് ആകാൻ സാധ്യതയുള്ള കുഞ്ഞിനെ ജൂൺ 15 മുതൽ 21 വരെ ആശുപത്രിയിലും അതിനു ശേഷം വീട്ടിലും സംരക്ഷിച്ചു.
‘ആദ്യ ദിവസം അവൻ കുറേ കരഞ്ഞു. പിന്നീട് അവൻ ഞാനുമായി ആത്മബന്ധത്തിലായി,’ ഉണ്ണി എന്ന് മേരി അനിത പേരിട്ടു വിളിച്ച കുഞ്ഞുമായുള്ള ഒരു മാസക്കാലയളവ്, ഒരായുസ്സിലേക്ക് നീളുന്ന ബന്ധമായി തീര്‍ന്ന കഥ മേരി അനിതയുടെ വാക്കുകളില്‍.
വെല്ലുവിളി ഏറ്റെടുത്തത് പൂർണ മനസോടെ
ആറ് മാസം പ്രായമുള്ള കുഞ്ഞിനെ സംരക്ഷിക്കാൻ ഒരാൾ വേണം, കുഞ്ഞിന്റെ അച്ഛനും അമ്മയും കോവിഡ് പോസിറ്റീവ് ആണ്’ ഇങ്ങനെയൊരു സന്ദേശമാണ് ഞാൻ ഗ്രൂപ്പിൽ കണ്ടത്. കൂടുതലൊന്നും ആലോചിക്കാൻ തോന്നിയില്ല. സന്ദേശം കണ്ട ഉടനെ തന്നെ ഞാൻ കെെ ഉയർത്തി. ആ കുഞ്ഞിനെ സംരക്ഷിക്കാൻ ഞാൻ തയ്യാറാണെന്ന് പറഞ്ഞു.
‘മുലപ്പാൽ കുടിക്കുന്നത് പോലും നിർത്താത്ത കുഞ്ഞാണ്, പ്രായം വെറും ആറ് മാസം! അമ്മയെ പിരിഞ്ഞിരിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്, മാത്രമല്ല കോവിഡ് പോസിറ്റീവ് ആകാൻ സാധ്യതയുമുണ്ട്’ ഇങ്ങനെയൊക്കെ മനസിൽ തോന്നിയെങ്കിലും ഞാൻ ആ കുഞ്ഞിനെ നോക്കാൻ തയ്യാറായിരുന്നു. കുഞ്ഞിനെ നോക്കാൻ ആളെ വേണമെന്ന സന്ദേശത്തിനു ഞാൻ ഉടൻ തന്നെ മറുപടി നൽകി. ഇപ്പോൾ വേണമെങ്കിെൽ ഇപ്പോൾ… ആ കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഞാൻ അറിയിച്ചു.
രാത്രിയായിരുന്നു ആ സന്ദേശം ലഭിക്കുന്നത്. എത്ര രാത്രിയാണെങ്കിലും ഡ്രെെവ് ചെയ്‌ത് പോയി ആ കുഞ്ഞിനെ ഏറ്റെടുക്കാൻ പൂർണ സമ്മതം അറിയിച്ചു. എന്നാൽ, ചില നിയമനടപടികളുണ്ടെന്ന് അധികൃതർ എന്നെ അറിയിച്ചു. ജൂൺ 15 നാണ് ഞാൻ കുഞ്ഞിനെ ഏറ്റെടുക്കുന്നത്. എത്രത്തോളം ഗൗരവമായ കാര്യമാണ് ഞാൻ ഏറ്റെടുക്കുന്നതെന്ന് ആദ്യം ആലോചിച്ചില്ല. പിന്നീടാണ് അതിന്റെ ഗൗരവം മനസിലായത്. കുഞ്ഞിനെ കോവിഡ് പോസിറ്റീവ് ആകാതെ രക്ഷിക്കുകയെന്നത് എന്റെ കടമയായി കണ്ടു.
സ്വന്തം കുഞ്ഞിനെ പോലെ
കുഞ്ഞ് ഹെെ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ആദ്യം നിരീക്ഷണത്തിൽ കഴിഞ്ഞത്. പിസിആർ ടെസ്റ്റ് നെഗറ്റീവ് ആയാലേ ആശുപത്രി വിടാൻ സാധിക്കൂ. ജൂൺ 15 മുതൽ ആശുപത്രിയിലായിരുന്നു.
ആദ്യ ദിവസം അവൻ കുറേ കരഞ്ഞു. പിന്നീട് അവൻ ഞാനുമായി ആത്മബന്ധത്തിലായി. സ്വന്തം കുഞ്ഞിനെ പോലെയാണ് അവനെ പരിചരിച്ചത്. കുഞ്ഞിനെ പോസിറ്റീവ് ആകാതെ രക്ഷിക്കുകയാണ് എന്റെ കടമ. ആദ്യ ദിവസത്തിനു ശേഷം അവൻ ഞാനുമായി ഏറെ അടുത്തു. എൽവിൻ എന്നാണ് അവന്റെ പേര്. ഞാൻ ‘ഉണ്ണീ’ എന്നു വിളിക്കുമ്പോൾ അവൻ പതുക്കെ പതുക്കെ പ്രതികരിക്കാൻ തുടങ്ങി. മൂന്നാം ദിവസമായപ്പോഴേക്കും അവൻ ഞാനുമായി ഏറെ അടുത്തു. ഞാൻ വിളിക്കുമ്പോഴെല്ലാം അവൻ ചിരിക്കാൻ തുടങ്ങി. പതുക്കെ പതുക്കെ അവൻ എന്റെ ഭാഗമായി…
എൽവിന്റെ മാതാപിതാക്കളുടെ പ്രതികരണം
ജൂൺ 15 മുതൽ കുഞ്ഞിനൊപ്പം ആശുപത്രിയിലായിരുന്നു ഞാൻ. ജൂൺ 20 നു പിസിആർ ടെസ്റ്റ് ഫലം വന്നു. കുഞ്ഞിന് കോവിഡ് നെഗറ്റീവ് ആണ്. കോവിഡ് നെഗറ്റീവ് ആയതിനാൽ കുട്ടിയെ ആശുപത്രിയിൽ നിന്നു മാറ്റണം. എൽവിന്റെ മാതാപിതാക്കളെ കാര്യം അറിയിച്ചു. കോവിഡ് ഭയം ഉള്ളതിനാൽ കുഞ്ഞിനെ ഏറ്റെടുക്കാൻ മറ്റ് ബന്ധുക്കളൊന്നും വന്നില്ല. മാതാപിതാക്കളുടെ അനുമതിയോടെ എൽവിനെയും കൊണ്ട് ഞാൻ ഫ്ലാറ്റിലേക്ക് പോകുകയായിരുന്നു.
ഞാൻ താമസിക്കുന്ന വെെറ്റിലയിലെ ‘വൃന്ദാവൻ അപാർട്‌മെന്റിൽ’ ഫ്ലാറ്റുടമ ഒരു റൂം ഒരുക്കി തന്നു. എന്റെ കുടുംബവും അവിടെയാണ് താമസിക്കുന്നത്. കുഞ്ഞിനെയും കൊണ്ട് ക്വാറന്റെെനിൽ കഴിയേണ്ടതിനാൽ മറ്റൊരു റൂമിലാണ് ഞാൻ താമസിച്ചത്. ഈ സൗകര്യം ഒരുക്കി തന്നത് ഫ്ലാറ്റുടമയാണ്. അവരോടൊന്നും എത്ര നന്ദി പറഞ്ഞാലും തീരില്ല.
എൽവിന്റെ മാതാപിതാക്കൾക്കും വലിയ സന്തോഷമായി. കോവിഡ് പോസിറ്റീവ് ആയ മാതാപിതാക്കൾ, അവർക്കൊപ്പം നിന്നാൽ കുഞ്ഞിനും രോഗം വരും! ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഞാൻ വരുന്നത്. മറ്റാരും കുഞ്ഞിനെ ഏറ്റെടുക്കാൻ വന്നില്ലെങ്കിൽ എന്ത് ചെയ്യും എന്ന് ആശങ്കപ്പെട്ട് നിൽക്കുകയായിരുന്നു അവർ. മാഡത്തെ ഒരു മാലാഖയെ പോലെയാണ് കാണുന്നതെന്നാണ് അവർ എന്നോട് പറഞ്ഞത്. കുഞ്ഞിനെ പരിചരിക്കാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ അവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്.
കുഞ്ഞുമായുള്ള ആത്മബന്ധം
ആദ്യ രണ്ട് ദിവസത്തിനുശേഷം കുഞ്ഞ് ഞാനുമായി ഏറെ അടുത്തു. എന്നെ നോക്കി അവൻ ചിരിക്കാൻ തുടങ്ങി. അവനു വേണ്ടി ഞാൻ കളിപ്പാട്ടങ്ങൾ വാങ്ങി, ‘ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ’ എന്നു ഞാൻ പാടുമ്പോൾ അവൻ ചിരിക്കും… എന്റെ സാഹചര്യങ്ങളുമായി അവൻ അതിവേഗം പൊരുത്തപ്പെട്ടു. ‘
എന്റെ സമയക്രമം അവനുവേണ്ടി മാറ്റി… അക്ഷരാർത്ഥത്തിൽ എനിക്ക് അവനും… അവനു ഞാനും… എന്റെ ലാേകം തന്നെ അവനായിരുന്നു. അവൻ കരയുന്നതു എന്തിനാണെന്ന് പോലും എനിക്ക് മനസിലാകാൻ തുടങ്ങി. അവൻ കരയുമ്പോൾ ‘അമ്മ ഇവിടെ ഉണ്ട്’ എന്നു പറഞ്ഞ് ഞാൻ സമാധാനിപ്പിക്കും. ഇത് കേട്ട് അവൻ ചിരിക്കും. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മാതാപിതാക്കളെ എല്ലാ ദിവസവും വീഡിയോ കോളിലൂടെ ബന്ധപ്പെടുകയും കുഞ്ഞിനെ കാണിക്കുകയും ചെയ്തിരുന്നു.
വെെകാരികമായ വിടപറച്ചിൽ
ജൂലെെ 15 നാണ് കുഞ്ഞിനെ മാതാപിതാക്കൾക്ക് കെെമാറുന്നത്. വലിയ വിഷമമുണ്ടായിരുന്നെങ്കിലും കരയരുതെന്ന് മനസിൽ ഉറപ്പിച്ചിരുന്നു. ചിരിച്ച് കെെ കൊട്ടിയാണ് അവനെ യാത്രയാക്കിയത്. പക്ഷേ, ഒരു നിമിഷം എല്ലാം കെെവിട്ടു പോയി.
കുഞ്ഞിനെ കെെമാറുമ്പോൾ വിഷമമടക്കാനായില്ല. ഞാൻ കരഞ്ഞു പോയി. കരയരുതെന്ന് വിചാരിച്ചിരുന്നു. ഞാൻ മാത്രമല്ല എന്റെ മക്കളും കരഞ്ഞു പോയി. പെട്ടന്ന് എല്ലാ നിയന്ത്രണങ്ങളും നഷ്‌ടപ്പെട്ടതാണ്. കുഞ്ഞ് ഒരിക്കലും കരയരുതെന്ന് മാത്രമാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. ഒരു മാസത്തേക്ക് എന്റെ ലോകം തന്നെ അവൻ ആയിരുന്നു! ‘സ്വന്തം കുഞ്ഞിനെ പോലെയായിരുന്നു.
കുടുംബത്തിന്റെ പിന്തുണ
ആറ് മാസം പ്രായമായ കുഞ്ഞിനെ നോക്കാൻ പോകണമെന്ന കാര്യം മക്കളോടും ഭർത്താവിനോടും ഞാൻ പറഞ്ഞു. ആദ്യം മക്കൾക്ക് ചെറിയൊരു ഭയമുണ്ടായിരുന്നു. കോവിഡ് ആയതിനാലുള്ള ഭയമായിരുന്നു അത്. പിന്നീട് ‘ആറ് മാസം പ്രായമായ കുഞ്ഞല്ലേ, അമ്മ പൊയ്‌ക്കോ’ എന്നാണ് മക്കൾ പറഞ്ഞത്.
ആശുപത്രിയിൽ കുഞ്ഞിനെ ഏറ്റെടുക്കാൻ പോകുന്നതിനു മുൻപ് ഭർത്താവിനും മക്കൾക്കും ഒരാഴ്‌ചത്തേക്കുള്ള ഭക്ഷണം ഞാൻ തയ്യാറാക്കിവച്ചു. കുടുംബാംഗങ്ങൾ സാഹചര്യവുമായി പൊരുത്തപ്പെട്ടു. പിന്നീട് ഫ്ലാറ്റിൽ എത്തിയപ്പോഴും എനിക്കും കുഞ്ഞിനും വേണ്ടിയുള്ള എല്ലാ സഹായങ്ങളും നൽകിയത് ഭർത്താവും മക്കളുമാണ്. ഭക്ഷണം വാതിൽപ്പടിയിൽ വച്ചു പോവുകയും കോളിങ് ബെല്ലടിച്ച് മാറിനിന്നു കാണുകയുമൊക്കെയായിരുന്നു മക്കൾ ചെയ്‌തിരുന്നത്. കുഞ്ഞിനു വേണ്ട കാര്യങ്ങളെല്ലാം എന്റെ ഭർത്താവ് പുറത്തു പോയി വാങ്ങുകയും പിന്നീട് ഫ്ലാറ്റിൽ എത്തിക്കുകയും ചെയ്‌തിരുന്നു.
മക്കളെ ദൂരെ നിന്നാണെങ്കിലും ദിവസവും കാണാൻ കഴിയുന്നത് എനിക്കു വലിയ ആശ്വാസമായിരുന്നു. ഉണ്ണിയുടെ വിശേഷങ്ങളെല്ലാം അവർ പുറത്തു നിന്ന് തിരക്കും. ഞാൻ അവരോട് സംസാരിക്കും. സാഹചര്യങ്ങളുമായി അവരും പൊരുത്തപ്പെട്ടു. ദിവസവും രാവിലെയും വൈകീട്ടും മക്കളുടെ വിശേഷങ്ങളറിയാൻ വീഡിയോ കോൾ ചെയ്യും. അപ്പോഴൊക്കെ അവരും ഉണ്ണിയെ വിളിച്ച് കളിപ്പിക്കും. ഇരുപത്തിയഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും മെഡിക്കൽ കോളേജിലൊക്കെ വിളിച്ച് അനുവാദം ചോദിച്ചതോടെ മക്കൾ ദിവസവും വന്ന് കളിപ്പിക്കുമായിരുന്നു.
ഞാൻ അവനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്
എൽവിനെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഒരു മാസക്കാലം എനിക്ക് അവനും അവന് ഞാനും മാത്രമായിരുന്നു. എന്റെ ലോകം അവനായി ചുരുങ്ങി. കുഞ്ഞിനെ കെെമാറി മണിക്കൂറുകൾ പിന്നിട്ടു. എനിക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല. വല്ലാത്ത സങ്കടവും തളർച്ചയും തോന്നി. എനിക്ക് മാത്രമല്ല മക്കൾക്കും വലിയ വേദനയായിരുന്നു. ‘നമുക്ക് ഈ ഉണ്ണിയെ വാങ്ങിയാലോ’ എന്നു പോലും മക്കൾ എന്നോട് ചോദിച്ചു. അത്രത്തോളം മിസ് ചെയ്യുന്നുണ്ട് കുഞ്ഞിനെ!
കുഞ്ഞിനെ കെെമാറിയ ശേഷം പിന്നീട് അവന്റെ മാതാപിതാക്കളെ വിളിച്ച് കാര്യങ്ങൾ തിരക്കി. അവനു ചില ബുദ്ധിമുട്ടുകളൊക്കെയുണ്ടെന്നാണ് അവർ പറഞ്ഞത്. അതൊക്കെ പതുക്കെ മാറുമെന്ന് ഞാൻ അവരോട് പറഞ്ഞു. ഉണ്ണിയെ പോയി കാണാമെന്ന് മക്കൾ എന്നോട് പറഞ്ഞു. ഞാൻ ‘വേണ്ട’ എന്നാണ് മറുപടി നൽകിയത്. കുറച്ച് ദിവസം കഴിഞ്ഞിട്ട് പോയി കാണാമെന്ന് ഞാൻ അവരോട് പറഞ്ഞു. കുഞ്ഞ് ഇപ്പോഴത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടട്ടെ, എന്നിട്ട് വീണ്ടും പോയി കാണാമെന്നാണ് ഞാൻ പറഞ്ഞത്.
ഡോ.മേരി അനിതയുടെ കുടുംബം
ഭർത്താവ് സാബു വക്കീലാണ്. മകൾ നിമ്രോദ് പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നു. രണ്ടാമത്തെ മകൻ മനാസെ എട്ടാം ക്ലാസിലും മൂന്നാമത്തെ മകൾ മൗഷ്‌മി ഇസബെൽ അഞ്ചാം ക്ലാസിലുമാണ്. കോവിഡ് ലോക്ക്‌ഡൗണ്‍ കാലത്ത് ദിവസേന നൂറോളം ഭക്ഷണപൊതികൾ അശരണർക്കും പാവപ്പെട്ടവർക്കും വേണ്ടി ഡോ.മേരി അനിതയും കുടുംബവും നൽകിയിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങളിൽ സജീവയാണ് ഡോ.മേരി അനിത.
അതിജീവനത്തിന്റെ മാതൃക
ഇത്രയുമൊക്കെ വിശേങ്ങൾ പങ്കുവച്ചപ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രി തന്നെകുറിച്ച് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടത് മേരി അനിത അറഞ്ഞിട്ടില്ല. തന്റെ കുട്ടികളുടെ കാര്യങ്ങളുമായി തിക്കും തിരക്കിലുമാണ് ഈ ‘ഡോക്‌ടറമ്മ’. ഏറെ നേരത്തെ സംസാരം അവസാനിപ്പിക്കുമ്പോൾ ഡോ.മേരി അനിത പങ്കുവച്ച ഒരു വാചകം ഹൃദയത്തിൽ തങ്ങി നിൽക്കുന്നുണ്ട്, ആറ് മാസം പ്രായമായ കുഞ്ഞിനെ നോക്കി അവർ പറഞ്ഞ വാചകം തന്നെ…’അതിജീവനം എന്താണെന്ന് അവനിൽ നിന്ന് പഠിക്കണം.’
Read Here: Doctor cares for baby for month after his parents test positive