കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി ഡോ. കെ.എന്‍.മധുസൂദനന്‍ ചുമതലയേറ്റു. ”കുസാറ്റിന്റെ മികച്ച അക്കാദമിക് പാരമ്പര്യത്തിന് കോട്ടം വരാതെ ഇന്നത്തെ മത്സരാധിഷ്ഠിത ലോകം ആവശ്യപ്പെടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്”, വൈസ് ചാന്‍സലറായി ചുമതലയേറ്റ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്ത് ആഗോള തലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസൃതമായി നമ്മളും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രവണതയാണ് ആഗോള തലത്തില്‍ ഇപ്പോള്‍ കണ്ടുവരുന്നത്. പാഠ്യപദ്ധതിയിലും പ്രോജക്ടുകള്‍ രൂപപ്പെടുത്തുന്നതിലും വിദ്യാർഥികളില്‍ സംരംഭകത്വം വളര്‍ത്തുന്നതിനും ഗവേഷണ ഫലങ്ങള്‍ ഉല്‍പങ്ങള്‍ ആക്കുന്നതിനും അവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ വേണ്ട തരത്തില്‍ നയരൂപീകരണം ഉണ്ടാവണം. ദേശീയ, രാജ്യാന്തര തലങ്ങളില്‍ സർവകലാശാലയുടെ റാങ്ക് മെച്ചപ്പെടുത്തുതിനു വേണ്ട നടപടികള്‍ ഉണ്ടാകുമെന്നും മുന്‍ വൈസ് ചാന്‍സലര്‍ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

dr kn madhusoodanan, കെ.എൻ.മധുസൂദനൻ, cusat, കുസാറ്റ്, cusat vice chancellor, ie malayalam, ഐഇ മലയാളം

ചീഫ് സെക്രട്ടറി ടോം ജോസ്, ഡോ. ജെ.പ്രഭാഷ്, ഡോ. ജഗദേഷ് കുമാര്‍ (ജെഎന്‍യു വിസി) എന്നിവര്‍ അംഗങ്ങളായ സെര്‍ച്ച് കമ്മിറ്റി സമര്‍പ്പിച്ച പാനലില്‍ നിന്നാണ് സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി.സദാശിവം കുസാറ്റിന്റെ 14-ാമത് വൈസ് ചാന്‍സലറായി ഡോ. കെ.എന്‍.മധുസൂദനനെ തിരഞ്ഞെടുത്തത്.

നിലവില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പില്‍ പ്രൊഫസറും സിന്‍ഡിക്കേറ്റംഗവുമാണ്. രജിസ്ട്രാറുടെ താല്‍ക്കാലിക ചുമതല കൂടി വഹിക്കുന്ന ഡോ. മധുസൂദനന്‍ കണ്ണൂര്‍ ജില്ലയിലെ രാമന്തളിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പയ്യന്നൂര്‍ കോളേജില്‍ നിന്ന് പ്രീ ഡിഗ്രിയും ഭൗതികശാസ്ത്രത്തില്‍ ബിരുദവും നേടി. തുടര്‍ന്ന് കൊച്ചി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി. രണ്ടു വര്‍ഷക്കാലം ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ റിസര്‍ച്ച് അസോസിയേറ്റ് ആയും തുടര്‍ന്ന് അഞ്ചു വര്‍ഷക്കാലം യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, ബെല്‍ജിയം, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ഗവേഷകനായും പ്രവര്‍ത്തിച്ചു. 1995- ല്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പില്‍ റീഡറായി നിയമിതനായ ഡോ. മധുസൂദനന്‍ 2004 മുതല്‍ പ്രൊഫസറാണ്.

ഏകദേശം 12 വര്‍ഷത്തോളം വിവിധ കാലയളവുകളിലായി വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചു. 2008 മുതല്‍ 2010 വരെ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ എൻജിനീയറിങ് ആന്റ് ടെക്‌നോളജി ഡീന്‍ ആയിരുന്നു. സ്വദേശത്തും വിദേശത്തുമായി പ്രമുഖ ജേര്‍ണലുകളില്‍ 90 ഓളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യാന്തര- ദേശീയ സ്ഥാപനങ്ങളുടെ നാല് ഗവേഷണ പദ്ധതികള്‍ പൂര്‍ത്തിയാക്കി. 80 ഓളം ദേശീയ, രാജ്യാന്തര സമ്മേളനങ്ങളില്‍ പങ്കാളിയായ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ 11 വിദ്യാർഥികള്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. അക്കൂസ്റ്റിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഫിസിക്‌സ് അസോസിയേഷന്‍ എന്നിവയിലെ ആജീവനാന്ത അംഗമാണ്.

പയ്യൂര്‍ കൊട്ടാരത്തില്‍ നടുവില്‍ പരേതരായ പി.എം.കൃഷ്ണന്‍ അടിയോടിയുടെയും കെ.എന്‍.ശ്രീദേവിയുടെയും മകനാണ്. ഭാര്യ ബിന്ദു പൊതുവാള്‍ കാക്കനാട് വിസ്‌ലിക്ക (ഐടി കമ്പനി)യില്‍ ഓപ്പറേഷന്‍സ് മാനേജരാണ്. ഋത്വിക് (വിശാഖപട്ടണം ഐഎംയു ല്‍ ബിടെക് 4-ാം സെമസ്റ്റര്‍), അരുന്ധതി (ഭവന്‍സ് വരുണ വിദ്യാലയം, കാക്കനാട് 10-ാം തരം) എന്നിവര്‍ മക്കളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.