/indian-express-malayalam/media/media_files/uploads/2019/04/D-babu-paul.jpg)
തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ഡോ. ഡി ബാബു പോള്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ശനിയാഴ്ച പുലര്‍ച്ചയാണ് അന്ത്യം.
മൃതദേഹം രാവിലെ ഒമ്പത് മണിക്ക് പുന്നന്‍ റോഡിലെ സെന്റ് പീറ്റീഴ്‌സ് യാക്കോബായ പള്ളിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കുറവൻകോണം മമ്മീസ് കോളനിയിലെ വസതിയിൽ എത്തിക്കും. ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് പെരുമ്പാവൂരെ കുറുപ്പുംപടി യാക്കോബായ പള്ളിയില്‍ സംസ്‌കാരം നടക്കും. അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു.
ഇരുപത്തിയൊന്നാം വയസില്‍ സിവിൽ സർവീസിൽ പ്രവേശിച്ച ബാബു പോള്‍ 59ാം വയസില്‍ ഐഎഎസില്‍ നിന്നും വിരമിച്ചു. ഇടുക്കി ജില്ലയുടെ ആദ്യ കലക്ടര്‍ ആയിരുന്ന ബാബു പോള്‍ സിവില്‍ സര്‍വീസ് രംഗത്ത് വിദ്യാര്‍ത്ഥികള്‍ക് മാർഗ്ഗനിർദ്ദേശം നല്‍കാനായി സ്ഥാപിച്ച കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ 'മെന്റര്‍ എമിരറ്റസ്' ആയിരുന്നു.
4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉള്‍ക്കൊള്ളുന്ന 'വേദശബ്ദ രത്‌നാകര'മെന്ന ബൈബിള്‍ നിഘണ്ടു ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 2000ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്റെ ജനനം. പരേതയായ അന്ന ബാബു പോള്‍ (നിര്‍മല) ആണ് ഭാര്യ. മക്കള്‍: മറിയം ജോസഫ് (നീബ), ചെറിയാന്‍ സി പോള്‍ (നിബു). മരുമക്കള്‍: മുന്‍ ഡിജിപി എം കെ ജോസഫിന്റെ മകന്‍ സതീഷ് ജോസഫ്, മുന്‍ ഡിജിപി സി എ.ചാലിയുടെ മകള്‍ ദീപ. മുന്‍ വ്യോമയാന സെക്രട്ടറിയും യുപിഎസ്സി അംഗവും ആയിരുന്ന കെ റോയ് പോള്‍ സഹോദരനാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.