Latest News

ഡോ.ഡി ബാബു പോളിന്റെ മൃതദേഹം സംസ്‌കരിച്ചു

പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം

പെരുമ്പാവൂര്‍: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുക്കാരനും പ്രഭാഷകനുമായിരുന്ന ഡോ.ഡി ബാബു പോളിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. വീട്ടിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം പെരുമ്പാവൂരിലെ കുറുപ്പുംപടി സെന്റ്.മേരീസ് കത്തീഡ്രലിലാണ് മൃതദേഹം സംസ്‌കരിച്ചത്. ബസേലിയസ് തോമസ് പ്രഥമൻ കാത്തോലിക ബാവയുടെ കാർമികത്വത്തിലാണ് സംസ്കാരചടങ്ങുകൾ നടന്നത്.

Read More: ഡോ. ഡി ബാബു പോള്‍ അന്തരിച്ചു

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ശനിയാഴ്ച പുലര്‍ച്ചയാണ് ബാബു പോൾ അന്തരിച്ചത്. 78 വയസായിരുന്നു. അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു.

ഇരുപത്തിയൊന്നാം വയസില്‍ സിവിൽ സർവീസിൽ പ്രവേശിച്ച ബാബു പോള്‍ 59ാം വയസില്‍ ഐഎഎസില്‍ നിന്നും വിരമിച്ചു. ഇടുക്കി ജില്ലയുടെ ആദ്യ കലക്ടര്‍ ആയിരുന്ന ബാബു പോള്‍ സിവില്‍ സര്‍വീസ് രംഗത്ത് വിദ്യാര്‍ത്ഥികള്‍ക് മാർഗ്ഗനിർദ്ദേശം നല്‍കാനായി സ്ഥാപിച്ച കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ ‘മെന്റര്‍ എമിരറ്റസ്’ ആയിരുന്നു.

Read More: ഒടുവില്‍ ആശുപത്രിയിലെത്തിയപ്പോള്‍ പറഞ്ഞു, ‘My last journey starts from here…’ : ഡോ ബാബു പോളിനെ ഓര്‍ത്ത് സൂര്യ കൃഷ്ണമൂര്‍ത്തി

4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉള്‍ക്കൊള്ളുന്ന ‘വേദശബ്ദ രത്‌നാകര’മെന്ന ബൈബിള്‍ നിഘണ്ടു ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 2000ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്റെ ജനനം. പരേതയായ അന്ന ബാബു പോള്‍ (നിര്‍മല) ആണ് ഭാര്യ. മക്കള്‍: മറിയം ജോസഫ് (നീബ), ചെറിയാന്‍ സി പോള്‍ (നിബു). മരുമക്കള്‍: മുന്‍ ഡിജിപി എം കെ ജോസഫിന്റെ മകന്‍ സതീഷ് ജോസഫ്, മുന്‍ ഡിജിപി സി എ.ചാലിയുടെ മകള്‍ ദീപ. മുന്‍ വ്യോമയാന സെക്രട്ടറിയും യുപിഎസ്സി അംഗവും ആയിരുന്ന കെ റോയ് പോള്‍ സഹോദരനാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dr d babu paul cremated additional chief secretary

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express