തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവിലെ ആഭ്യന്തര- വിജിലന്‍സ് സെക്രട്ടറി ബിശ്വാസ് മേത്തയ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് മേയ് 31ന് വിരമിക്കുന്ന മുറയ്ക്ക് ബിശ്വാസ് മേത്ത അടുത്ത ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും.

ഇപ്പോള്‍ സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാന്‍ സ്വദേശിയായ ബിശ്വാസ് മേത്ത. 1986 ബാച്ചുകാരനായ ബിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 19 വരെ സര്‍വീസുണ്ട്. ബിശ്വാസ് മേത്ത രാജസ്ഥാന്‍ സ്വദേശിയാണ്. ഇദ്ദേഹത്തേക്കാള്‍ സീനിയറായ മൂന്നു കേരള കേഡര്‍ ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. മടങ്ങിയെത്താന്‍ ഇവര്‍ താത്പര്യം അറിയിച്ചിട്ടില്ല. ഇതിനാല്‍ വിശ്വാസ് മേത്തയ്ക്കു മുന്‍തൂക്കമായി. ആഭ്യന്തര സെക്രട്ടറി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധവുമുണ്ട്.

Read Also: ബെവ് ക്യൂ ആപ് ഇന്നു മുതൽ; മദ്യ വിൽപ്പന നാളെ തുടങ്ങാൻ മന്ത്രിസഭാ തീരുമാനം

1983ൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജ്‌മെന്റ് ട്രെയിനിയായിരുന്നു. പിന്നീട് ഓയിൽ ആന്റ് നാച്വറൽ ഗ്യാസ് കമ്പനിയിൽ എക്‌സിക്യൂട്ടീവ് ഓഫീസറായും പ്രവർത്തിച്ചു.കൊല്ലം ജില്ലയിൽ അസിസ്റ്റന്റ് കളക്‌റായാണ് കേരളത്തിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1987 ജൂൺ മുതൽ 1988 ജൂൺ വരെ കൊല്ലം ജില്ലയിൽ പ്രവർത്തിച്ചു. 1988 ഒക്‌ടോബർ മുതൽ 1991 ജനുവരി വരെ വയനാട് ജില്ലയിൽ മാനന്തവാടി അസിസ്റ്റന്റ് കളക്ടറായി. 1991 ജനുവരിയിൽ റവന്യു വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി. 1992 ഫെബ്രുവരിയിൽ കേരള സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ എം. ഡിയായി. 1994 നവംബറിൽ ഇടുക്കി ജില്ല കളക്ടറായി. അതേ വർഷം ഡിസംബറിൽ വയനാട് ജില്ലാ കളക്ടറായി. 1996 നംവംബർ മുതൽ മിൽമയുടെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു.

1998 മാർച്ചിൽ ടൂറിസം ഡെപ്യൂട്ടി സെക്രട്ടറിയായി. 1999 മേയിൽ രാജസ്ഥാനിൽ ഉദയ്പൂരിൽ വെസ്റ്റ് സോൺ കൾച്ചറൽ സെന്റർ ഡയറക്ടറായി പ്രവർത്തിച്ചു. 2005 ജൂണിൽ കേരളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ആരോഗ്യവകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റു. 2009 ജൂലൈയിൽ വീണ്ടും കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയി. ന്യൂഡൽഹി നാഷണൽ ഡിഫൻസ് കോളേജിൽ ജോയിന്റ് സെക്രട്ടറിയും സീനിയർ ഡയറക്ടിംഗ് സ്റ്റാഫായും പ്രവർത്തിച്ചു. തുടർന്ന് 2012 ഏപ്രിലിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ ജോ.സെക്രട്ടറിയായി.

2015 ജനുവരിയിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി. 2015 ഏപ്രിലിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റു. 2016 മാർച്ചിൽ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറിയായി. 2016 ആഗസ്റ്റിൽ ന്യൂഡൽഹി കേരള ഹൗസിൽ റസിഡന്റ് കമ്മീഷണൽ ആന്റ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. 2018 മേയിൽ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി. 2018 ഡിസംബറിൽ ജലവിഭവ വകുപ്പിന്റെയും ഭവന വകുപ്പിന്റെയും അഡീഷണൽ ചീഫ് സെക്രട്ടറിയായി. 2019 ഏപ്രിൽ മുതൽ ആഭ്യന്തരം, വിജിൻസ് വകുപ്പുകളുടെ ചുമതലയും ലഭിച്ചു.

ജിയോളജിയിൽ എം എസ്‌സിയും എം. ബി. എ ബിരുദവും നേടി. 2003ൽ സാംസ്‌കാരിക ടൂറിസവും ഭരണനിർവഹണവും എന്ന വിഷയത്തിൽ പിഎച്ച് ഡി എടുത്തു.അന്തർദ്ദേശീയ പ്രസിദ്ധീകരണങ്ങളിലുൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനത്തിന്റെയുൾപ്പെടെ ഏകോപനവും നിർവഹിച്ചു വരുന്നു.

ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ടോം ജോസിന് വിരമിച്ചതിന് ശേഷം ഉന്നത തസ്തികയില്‍ പുനര്‍നിയമനം നല്‍കിയേക്കുമെന്നാണു സൂചന. ലോകബാങ്കിന്റെ ആയിരക്കണക്കിനു കോടി രൂപ ഉപയോഗിച്ചുള്ള റീബില്‍ഡ് കേരളയുടെ തലപ്പത്ത് പരിഗണിക്കപ്പെടാനാണു സാധ്യത. കോവിഡ് പ്രതിരോധത്തിന്റെ ഏകോപന ചുമതലയുള്ള തസ്തികയും പരിഗണനയിലുണ്ട്.

അതിനിടെ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ ലക്ഷങ്ങള്‍ ശമ്പളം നല്‍കി ഉന്നത തസ്തികയില്‍ നിയമിക്കുന്നതില്‍ ചില മന്ത്രിമാര്‍ക്ക് അടക്കം വിയോജിപ്പുണ്ടെന്നും സൂചനയുണ്ട്. അതിനാല്‍ പുനര്‍നിയമനം പിന്നീടു മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂവെന്നാണു വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook