ബത്തേരി: വയനാട്ടിലെ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് കര്‍ശന നിര്‍ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് വിദ്യാലയങ്ങള്‍ക്ക് നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലറിലൂടെയാണ് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

നവംബര്‍ 30 ന് മുന്‍പ് എല്ലാ സ്‌കൂളുകളിലും പിടിഎ മീറ്റിങ് വിളിച്ചു ചേര്‍ത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സ്‌കൂളുകളിൽ ദ്വാരങ്ങളോ വിളളലുകളോ ഉണ്ടെങ്കിൽ അടുത്തമാസം അഞ്ചിന് മുൻപ് അടയ്ക്കണം, ക്ലാസ് മുറികളിൽ പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കരുത്, സ്കൂൾ പരിസരങ്ങളിലെ പാഴ്ചെടികളും പടർപ്പുകളും വെട്ടിമാറ്റാൻ നടപടിയെടുക്കണം എന്നും സർക്കുലറിൽ പറയുന്നു.

ശുചിമുറികളിൽ വെളിച്ചം ഉറപ്പാക്കണം, സ്കൂൾ പരിസരത്ത് പാഴ് വസ്തുക്കൾ കൂട്ടിയിട്ടിട്ടുണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണം, വിദ്യാർഥികൾക്ക് ചെറിയ അസ്വസ്ഥത ഉണ്ടായാൽ പോലും ജാഗ്രതയോടെ വൈദ്യസഹായത്തിനുളള നടപടി എടുക്കണം എന്നും സർക്കുലറിൽ നിർദേശിച്ചിരിക്കുന്നു. നടപ്പാക്കിയ കാര്യങ്ങളുടെ പുരോഗതി ഡിസംബർ 10ന് മുൻപായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കാനും വിദ്യാലയങ്ങള്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്.

Read Also: അത്ര സുരക്ഷിതമല്ല; അപ്ഡേഷനു ശേഷവും നിങ്ങളുടെ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഹാക്ക് ചെയ്യപ്പെടാം

ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്ററെയും സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂള്‍ പിടിഎ പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടേതാണ് നടപടി.

കുട്ടിക്കു യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപകന്‍ സി.പി.ഷജില്‍ കുമാറിനെയും അകാരണമായി ചികിത്സ വൈകിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന് ഡോക്ടറെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി.സുരേഷാണു കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവി, വയനാട് ജില്ലാ കലക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോട് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.