/indian-express-malayalam/media/media_files/4IPIjxkR4TZDhCRj2S5G.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
"വാപ്പയായിരുന്നു എല്ലാ ആശ്രയവും. വാപ്പ മരിച്ചുപോയി. ഇനി സഹോദരനാണുള്ളത്. സഹോദരന്റെ വിവാഹം കഴിഞ്ഞു. വിവാഹം, തുടർപഠനം ഇതിനെല്ലാം പണം വേണം. ഇതിനായി ആരെയും ആശ്രയിക്കാൻ വയ്യ. എല്ലാവര്‍ക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്," കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഡോ. ഷഹനയുടെ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്ന വാചകങ്ങളാണിത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയും വെഞ്ഞാറമ്മൂട് സ്വദേശിനിയുമാണ് ഡോ. ഷഹന (28). ഒപ്പം പഠിച്ചിരുന്ന ഒരു യുവ ഡോക്ടർക്കൊപ്പം ഷഹനയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ, വരന്റെ വീട്ടുകാർ ചോദിച്ച അത്രയും പണം നൽകാൻ കഴിയാതിരുന്നതിനാൽ വിവാഹം മുടങ്ങുന്ന സാഹചര്യം വന്നു. 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബിഎംഡബ്ല്യു കാറുമാണ് യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതെന്ന് ഷഹനയുടെ ബന്ധുക്കൾ പറയുന്നു.
മികച്ച സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നെങ്കിലും, യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ട അത്രയും ഭീമമായ സ്ത്രീധനം നൽകാൻ ഷഹ്‌നയുടെ വീട്ടുകാർക്ക് ആയില്ല. ഇതോടെ വരന്റെ വീട്ടുകാർ പിന്മാറി. ഇത് ഷഹനയ്ക്ക് ഏറെ മനോവിഷമം ഉണ്ടാക്കിയെന്നും അതാണ് ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സുഹൃത്തിന്റെ കാര്യവും വിവാഹം മുടങ്ങിയ കാര്യവും ആത്മഹത്യാ കുറിപ്പിൽ പറയുന്നില്ലെന്നാണ് സൂചന.
അതേസമയം, സ്ത്രീധനം ചോദിച്ച് മാനസികമായി പീഡിപ്പിച്ചെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലിസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ഷഹനയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നുണ്ട്. ഇതിലെ കോൾ ഡീറ്റെയിൽസും ചാറ്റുകളും പൊലിസ് പരിശോധിക്കുന്നുണ്ട്. ഷഹനയ്ക്ക് സുഹൃത്ത് ഉണ്ടായിരുന്നോ, അതോ കോളേജിലെ യുവ ഡോക്ടറുമായി പ്രണയത്തിലായിരുന്നോ എന്ന കാര്യമൊന്നും അറിയില്ലെന്ന് കോളേജ് അധികൃതർ മറുപടി നൽകി.
കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിൽ ഷഹന കിടക്കുന്ന വിവരം സഹപാഠികളാണ് പൊലിസിനെ അറിയിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായ അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചാണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വെഞ്ഞാറമൂട് മൈത്രി നഗർ ജാസ് മൻസിലിൽ പരേതനായ അബ്ദുൾ അസീസിന്റെയും ജമീലയുടെയും മകളാണ് ഷഹന. രണ്ട് വർഷം മുൻപാണ് ഷഹനയുടെ പിതാവ് അബ്ദുൾ അസീസ് മരിച്ചത്. രണ്ടു സഹോദരങ്ങളുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആശുപത്രിയിൽ വച്ച് ഷഹനയ്ക്ക് മാനസികമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. തുടർന്ന് അധ്യാപകർ ഇടപെട്ട് യുവ ഡോക്ടറെ മുറിയിലേക്ക് മടക്കി അയക്കുകയായിരുന്നു.
- മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Pratheeksha: 0484 2448830, Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us