Latest News

ബാലഭാസ്കര്‍ ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കൊണ്ടു പോയത് പൊലീസെന്ന് കടയുടമ

അമിതവേഗതയില്‍ ഓടിയ കാര്‍ രാത്രി 1 മണിക്ക് ചാലക്കുടിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്

Balabhaskar's death, ബാലഭാസ്കറിന്റെ മരണം, Car Accident, കാര്‍ അപകടം, Death, മരണം, Crime Branch, ക്രൈംബ്രാഞ്ച്, driver, ഡ്രൈവര്‍ അര്‍ജുന്‍,
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ യാത്രയ്ക്കിടെ കൊല്ലത്ത് വച്ച് ജ്യൂസ് കുടിച്ച കടയിലെ ദൃശ്യങ്ങള്‍ കൊണ്ടുപോയത് പൊലീസെന്ന് കടയുടമ ഷംനാദ്. പ്രകാശ് തമ്പിയെ അറിയില്ലെന്നും കടയിൽ വന്നിട്ടില്ലെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ദൃശ്യങ്ങൾ പ്രകാശ് തമ്പി കൊണ്ടു പോയെന്ന് കടയുടമ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായാണ് വാർത്തകൾ പുറത്തുവന്നത്. സ്വര്‍ണകടത്ത് കേസില്‍ അറസ്റ്റിലായ ആളാണ് പ്രകാശ് തമ്പി. തൃശൂരില്‍ നിന്ന് യാത്ര തുടങ്ങുമ്പോള്‍ താനായിരുന്നു വാഹനം ഓടിച്ചതെന്നാണ് ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. എന്നാല്‍ കൊല്ലത്തെ ജ്യൂസ് കടയില്‍ നിന്ന് ജ്യൂസ് കുടിച്ചതിന് ശേഷം ബാലഭാസ്കര്‍ വാഹനം ഓടിച്ചെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.

അതേസമയം, അര്‍ജുന്‍ അസമിലേക്ക് പോയെന്നാണ് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. പരുക്കേറ്റ അർജുൻ അന്വേഷണം നടക്കുന്നതിനിടെ ഇത്രയും ദൂരം യാത്ര ചെയ്തതില്‍ ക്രൈംബ്രാഞ്ച് ദുരൂഹത സംശയിക്കുന്നുണ്ട്. അപകടം നടക്കുമ്പോള്‍ ബാലഭാസ്കറാണ് കാര്‍ ഓടിച്ചതെന്നാണ് അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്ന സമയത്ത് അപകടം ഉണ്ടായാൽ പറ്റുന്ന സമാനമായ പരുക്കാണ് അര്‍ജുന് ഉളളത്. കാല്‍പാദത്തിനും ഇടുപ്പെല്ലിനും പറ്റിയ പരുക്ക് നല്‍കുന്ന സൂചന ഇതാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ താനല്ല കാര്‍ ഓടിച്ചതെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ച് നില്‍ക്കുകയാണ്.

യാത്രയില്‍ വാഹനം ഓടിച്ചത് അമിത വേഗതയിലെന്ന് കണ്ടെത്തിയിട്ടുണ്ട്. തൃശൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ വാഹനം ഓടിച്ചത് അര്‍ജുനാണ്. രാത്രി 1 മണിക്ക് ചാലക്കുടിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ വാഹനം പതിഞ്ഞിട്ടുണ്ട്. ഇത് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൊല്ലത്ത് വച്ച് ബാലഭാസ്കര്‍ ജ്യൂസ് കുടിച്ചതിന് ശേഷം വാഹനം ഓടിച്ചെന്നാണ് അർജുന്‍ മൊഴി നല്‍കിയിരുന്നത്.

ദുരൂഹതകള്‍ അകറ്റാന്‍ ബാലഭാസ്കറിന്റെ അപകടം ഉണ്ടായ കാര്‍യാത്ര പുനരാവിഷ്‌കരിക്കാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. തൃശൂര്‍ മുതല്‍ പള്ളിപ്പുറം വരെയാണ് യാത്രയ്ക്ക് ക്രൈംബ്രാഞ്ച് തയ്യാറാകുന്നത്. ഇതിനു മുമ്പായി ബാലഭാസ്കറും കുടുംബവും യാത്രചെയ്തു തുടങ്ങിയ വടക്കുംനാഥ ക്ഷേത്രത്തില്‍ കൈംബ്രാഞ്ച് സംഘം എത്തി തെളിവുകള്‍ ശേഖരിച്ചു. കൂടാതെ പാലക്കാട് ആയൂര്‍വേദ ആശുപത്രിയിലും ബാലഭാസ്കര്‍ സാമ്പത്തിക ഇടപാട് നടത്തി എന്ന് പറയപ്പെടുന്ന ലതയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

Read More: സത്യം പുറത്ത് വരട്ടെ, തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല: ലക്ഷ്മി ബാലഭാസ്കര്‍

അന്വേഷണത്തില്‍ ഇതുവരെ വരുത്തിയ വീഴ്ചകള്‍മൂലം ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്നതുപോലും കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് കണ്ടെത്തിയാല്‍ ബാക്കി കാര്യങ്ങളെല്ലാം കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ബാലഭാസ്‌കറിന്റെ അച്ഛന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കൊപ്പം കഴിഞ്ഞദിവസം ബന്ധുക്കളുടെ മൊഴികളില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയങ്ങളും അടിവരയിട്ടാകും അന്വേഷണം.

ഇതുമായി ബന്ധപ്പെട്ട് അപകടസ്ഥലം ക്രൈംബ്രാഞ്ച് സംഘം വീണ്ടും സന്ദര്‍ശിക്കും. കാര്‍ ഇടിച്ച ശബ്ദവും ബഹളവും കേട്ട് ആദ്യം ഓടിയെത്തിയ സമീപവാസികളെയും വഴിയാത്രക്കാരെയും കണ്ട് വിശദമായ മൊഴിയെടുക്കും. ഇവിടങ്ങളില്‍ നിന്നും കൂടുതല്‍ തെളിവുകളും വിവരങ്ങളും ലഭ്യമായില്ലെങ്കില്‍ ബാലുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമുള്ള കാര്യങ്ങളും അന്വേഷിക്കും. ബാലുവിനെയും കുടുംബത്തെയും മെഡിക്കല്‍ കോളേജില്‍ ആദ്യം ചികിത്സിച്ച ഡോക്ടര്‍മാര്‍, പരിചരിച്ച നഴ്‌സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍, പിന്നീട് വിദഗ്ധ ചികിത്സക്കെത്തിച്ച സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ എന്നിവരെ കണ്ട് പരുക്കുകളുടെ സ്വഭാവവും അതുണ്ടാകാനുള്ള സാധ്യതകളും പുനഃപരിശോധിക്കും.

ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണെ​ന്നും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സം​ശ​യി​ച്ച് പി​താ​വ് സി.​കെ.ഉ​ണ്ണി പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ബാ​ലു​വി​ന് എ​ന്തെ​ങ്കി​ലും സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നോയെന്ന് ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ബാലഭാസ്കറിന്റെയും മകളുടെയും മരണത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായി ദൃക്‌സാക്ഷിയായ കലാഭവന്‍ സോബി വെളിപ്പെടുത്തിയിരിക്കുകയാണ്. ബാലുവിന്റെ കാര്‍ അപകടത്തില്‍പെട്ട് 10 മിനിറ്റിനുള്ളില്‍ അതുവഴി കടന്ന് പോകുമ്പോള്‍ വാഹനം കണ്ട് വണ്ടി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വാഹനങ്ങള്‍ കടത്തി വിട്ടതിനാല്‍ ആരാണ് അപകടത്തില്‍പ്പെട്ടതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. യാത്ര മുന്നോട്ട് പോയിട്ടാണ് അത് ബാലഭാസ്‌കര്‍ ആണെന്ന് അറിയുന്നത്. അപകട സ്ഥലത്ത് കണ്ട ചില കാഴ്ചകള്‍ തനിക്ക് സംശയം തോന്നിച്ചിരുന്നെന്നും ഒരാള്‍ അവിടെ നിന്നും ഓടി പോവുന്നത് കണ്ടെന്നും മറ്റൊരാള്‍ സ്റ്റാര്‍ട്ട് ചെയ്ത ബൈക്ക് തള്ളുന്നത് കണ്ടെന്നും സോബി പറയുന്നു.

കഴിഞ്ഞ വര്‍ഷം കേരളക്കരയെ ഞെട്ടിക്കുന്നൊരു മരണമായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത്. വയലിന്‍ സംഗീതത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ കൂടുകെട്ടിയ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടം നടന്ന സംഭവ സ്ഥലത്ത് വച്ച് തന്നെ മകള്‍ തേജസ്വിനി മരിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Doubts raised about violinist balabhaskars death

Next Story
നിപ: എട്ടാമത്തെ വ്യക്തിയുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും; ആരോഗ്യമന്ത്രി ഇന്ന് ഡൽഹിയിൽnipah virus, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com