പത്തനംതിട്ട: ചിത്തിരആട്ടത്തിരുനാൾ വിശേഷാൽ പൂജയ്ക്കായി നാളെ വൈകിട്ട് ശബരിമല നട തുറക്കാനിരിക്കെ വനിത മാധ്യമപ്രവർത്തകരെ ശബരിമലയിലേക്ക് അയയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളുടെ കത്ത്. തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ ദർശനത്തിന് യുവതികളെത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ വനിത മാധ്യമപ്രവർത്തകർക്കുനേരെ കൈയ്യേറ്റം ഉണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളിലെ വനിത മാധ്യമപ്രവർത്തകരടക്കം ആക്രമിക്കപ്പെട്ടിരുന്നു.
വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ഹിന്ദു ഐക്യവേദി എന്നിവരടങ്ങിയ ശബരിമല കർമ്മ സമിതിയാണ് എഡിറ്റർമാർക്ക് കത്തെഴുതിയിരിക്കുന്നത്. 10 നും 50 നും ഇടയിൽ പ്രായമുളള സ്ത്രീകൾ റിപ്പോർട്ടിങ്ങിനായി ശബരിമലയിൽ എത്തുന്നത് സ്ഥിഗതികൾ വഷളാക്കുമെന്നും ഇത്തരമൊരു നിലപാട് മാധ്യമസ്ഥാപനങ്ങൾ സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും കത്തിലുളളതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ചിത്തിരആട്ടത്തിരുനാളിനായി തിങ്കളാഴ്ച വൈകിട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുക. ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് നട അടയ്ക്കുക. അതു കഴിഞ്ഞ് മണ്ഡലകാല പൂജയ്ക്കായി നവംബർ 17 ന് നട വീണ്ടും തുറക്കും.
ശബരിമല റിപ്പോർട്ടിങ്ങിനെത്തിയ വനിത മാധ്യമപ്രവർത്തകയോട് പ്രതിഷേധക്കാർ കാണിച്ച അതിക്രമം- വീഡിയോ
10 നും 50 നും ഇടയിൽ പ്രായമുളള സ്ത്രീകൾക്കും ശബരിമലയിൽ പോകാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിക്കുശേഷം ഇത് രണ്ടാം തവണയാണ് ശബരിമല നട തുറക്കുന്നത്. തുലാമാസ പൂജകൾക്കായി ഒക്ടോബർ 17 മുതൽ 22 വരെ നട തുറന്നപ്പോൾ വലിയ പ്രതിഷേധമാണ് ഉണ്ടായത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതികൾ മല ചവിട്ടാനെത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.