/indian-express-malayalam/media/media_files/uploads/2020/01/flat-md.jpg)
കൊച്ചി: "ഞങ്ങളോടൊന്നും തോന്നരുതേ. ഞങ്ങളെ ഏൽപ്പിച്ച ജോലി മാത്രമാണ് ഞങ്ങൾ ചെയ്തത്," മരടിലെ നാലാമത്തെ അനധികൃത ഫ്ലാറ്റായ ഗോൾഡൻ കായലോരവും മണ്ണോട് ചേർന്നശേഷം കെട്ടിടങ്ങൾ പൊളിച്ച എഡിഫിസ് കമ്പനിയുടെ എംഡിയ്ക്ക് പറയാനുണ്ടായിരുന്നത് ഇത് മാത്രമായിരുന്നു. ഫ്ലാറ്റുകളിൽനിന്നും കുടിയിറക്കപ്പെട്ട താമസക്കാരോടും ഉടമസ്ഥരോടുമായിരുന്നു ഉത്കർഷ് മേത്തയുടെ അപേക്ഷ.
മരടില്‍ അനധികൃതമായി നിര്‍മിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതി പൊളിച്ചുനീക്കാന്‍ പറഞ്ഞ നാല് ഫ്ലാറ്റുകളും നിലംപൊത്തി. ഗോൾഡൻ കായലോരമാണ് അവസാനം പൊളിച്ചത്. നേരത്തെ തീരുമാനിച്ചതിലും 30 മിനിറ്റ് വെെകിയാണ് ഗോൾഡൻ കായലോരം പൊളിച്ചത്. കൃത്യം 2.30 ന് ഗോൾഡൻ കായലോരവും മണ്ണോടു ചേർന്നു.
രണ്ട് മണിക്ക് പൊളിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് 30 മിനിറ്റ് വെെകിയത്. ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടു മുതല്‍ വൈകിട്ടു നാലു വരെ പ്രദേശത്ത് നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയും ഇന്നുമായാണ് നാല് ഫ്ലാറ്റുകളും പൊളിച്ചത്.
Read More: Kochi Maradu Flats Demolition Live Updates: നിയമലംഘനങ്ങൾ നിലംപൊത്തി; നാലാമത്തേതും ‘ഫ്ലാറ്റ്’
ഹോളിഫെയ്ത്ത്, ആല്‍ഫാ സെറിന്‍, ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകളാണ് ഇന്നലെയും ഇന്നുമായി പൊളിച്ചത്. 16 നിലകളുള്ള ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റാണ് അവസാനം നിലംപൊത്തിയത്.
സ്‌ഫോടനത്തിലൂടെ തകര്‍ത്ത നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ ചെറുതും പഴക്കം ഉള്ളതും പൊളിച്ച് മാറ്റാൻ ഏറ്റവും എളുപ്പമെന്ന് തോന്നിക്കുന്നതുമായ കെട്ടിടം തകര്‍ക്കൽ പക്ഷെ സാങ്കേതിതമായി ഏറെ ശ്രമകരമായിരുന്നു. ഗോൾഡൻ കായലോരത്തോട് ചേർന്ന് നിൽക്കുന്ന അംഗൻവാടിയുടെ ചുറ്റുമതിൽ തകർന്നിട്ടുണ്ട്. കായലിനോട് ചേർന്നുള്ള റോഡിൽ ചെറിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.
ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനിടെ ഏതെങ്കിലും വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായെങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രി എ സി മൊയ്‍തീന്‍ വ്യക്തമാക്കി. പരിസരവാസികളുടെ ആശങ്ക അകറ്റി, സുപ്രീംകോടതിയുടെ നിര്‍ദേശം സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പടെയുള്ള സംഘത്തിന്‍റെ വിജയകരമായ പ്രവര്‍ത്തത്തോടെയാണ് പൂര്‍ത്തിയാക്കിയത്. മാലിന്യം നീക്കം ചെയ്യുന്ന പരിപാടിയാണ് അടുത്തത്. അത് അടിയന്തമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അവസാനം പൊളിച്ച ഗോൾഡൻ കായലോരം ഫ്ലാറ്റും വിജയകരമായി പൊളിച്ചതിന് ശേഷമായിരുന്ന മന്ത്രിയുടെ പ്രതികരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.