തൃശൂർ: സംസ്ഥാന സമ്മേളനത്തിനിടെ തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദർശിപ്പിതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി സമ്മേളന നഗരിയിൽ പ്രദർശിപ്പിച്ചത് ശ്രദ്ധിച്ചിരുന്നുവെന്നും പ്രവർത്തകർ ആരും ഇത്തരം പ്രവണതകളിൽ ഏർപ്പെടാൻ പാടില്ലെന്നും പിണറായി പറഞ്ഞു.

‘ഒരു അഭ്യര്‍ത്ഥന മുമ്പിലുളള ഒരാളോടും പൊതുവായും പറയാനുണ്ട്. ഇവിടെ വലിയൊരു കൊടി കണ്ടു. എന്റെ ഒരു ചിത്രം ആലേഖനം ചെയ്തത്. അത് ഒരു ശരിയായ സമ്പ്രദായമല്ല. കാരണം ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകളാണ് ചെയ്യുന്നത്. അതില്‍ വേര്‍തിരിവ് ഉണ്ടാവാന്‍ പാടില്ല. എന്നും പാര്‍ട്ടിക്ക് കീഴ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്’, പിണറായി കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിനിടെ പ്രവര്‍ത്തര്‍ നിര്‍ത്താതെ പടക്കം പൊട്ടിച്ചതിനെ കുറിച്ചും അദ്ദേഹം നര്‍മ്മം കലര്‍ത്തിയ രീതിയില്‍ പ്രതികരിച്ചു, ‘തൃശൂര്‍ ആയത് കൊണ്ട് കുറെ പടക്കം കാണുമല്ലോ’, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സമ്മേളന വേദിയിൽ പിണറായിയുടെ ചിത്രം പതിച്ച കൊടികളുമായി ചിലർ എത്തിയിരുന്നു. ഇതു കണ്ടപ്പോഴായിരുന്നു പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം പ്രവർത്തകരെ ഉപദേശിച്ചത്.
നേരത്തേ വ്യക്തിപൂജ നടത്തുന്നെന്ന് ആരോപിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പാര്‍ട്ടി ശാസിച്ചിരുന്നു. വ്യക്തിമഹത്വ പ്രചരണവും വ്യക്തിപൂജയുമാണ് ജയരാജന്‍ ചെയ്യുന്നതെന്നാണ് പാര്‍ട്ടി വിമര്‍ശിച്ചത്. ജയരാജനെപ്പറ്റി കണ്ണൂരിൽ നൃത്തശിൽപം, ജീവിതരേഖ തുടങ്ങിയവ തയ്യാറാക്കിയത്​ ഉൾപ്പെടെയുള്ള സംഭവങ്ങൾ കമ്മിറ്റിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.(വീഡിയോയിലെ അവസാന 10 മിനുട്ടിലാണ് പിണറായിയുടെ പ്രസംഗം)

സ്വയം മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്ന ജയരാജന്റെ രീതി കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നായിരുന്നു സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നത്. പാർട്ടിക്ക് അതീതനായി വളരാൻ അനുവദിക്കാനാവില്ലെന്നും സംസ്ഥാന കമ്മിറ്റി നിരീക്ഷിച്ചു. അതേസമയം, തനിക്കെതിരായ പെട്ടെന്നുളള നീക്കത്തില്‍ ജയരാജന്‍ അന്ന് വികാരഭരിതനാവുകയും ചെയ്തു. രേഖകള്‍ തയ്യാറാക്കിയത് താനല്ലെന്നും കെ.കെ.രാഗേഷാണെന്നും ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടിയാണ് തന്നെ വളര്‍ത്തിയതെന്നും തന്നെ തിരുത്താന്‍ പാര്‍ട്ടിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊളളും. കണ്ണൂരില്‍ മാത്രമായി ഒരു നയം പാര്‍ട്ടിക്കില്ല. എന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനുളള അവകാശവുമുണ്ട്’, ജയരാജന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ