തിരുവനന്തപുരം: യുണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്‌തെന്ന് എസ്എഫ്‌ഐ. പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവാണ് വിശദീകരണം നല്‍കിയത്. അതേസമയം, വിദ്യാഭ്യാസ ഡയറക്ടറേറ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ നടത്തുന്നത് സംഘടനയ്‌ക്കെതിരായ കടന്നാക്രമണമാണെന്നും സച്ചിന്‍ ദേവ് ആരോപിച്ചു.

കോളേജിലെ സംഘര്‍ഷത്തെ ന്യായീകരിക്കുന്നില്ല. അത് പൊലീസ് അന്വേഷിക്കട്ടെ. എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തിക്കാത്ത കോളേജില്‍ സിറ്റിങ് നടത്താത്ത വിദ്യാഭ്യാസ ഡയറക്ടറേറ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ നടത്തുന്നത് എസ്എഫ്‌ഐയ്‌ക്കെതിരായ കടന്നുകയറ്റമാണെന്നും സച്ചിന്‍ ആരോപിച്ചു.

അതേസമയം, യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിയന്‍ ഓഫീസില്‍ നിന്ന് ചോദ്യപേപ്പര്‍ കണ്ടെടുത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും എസ്എഫ്‌ഐ ആരോപിച്ചു. കേളേജില്‍ സംഘര്‍ഷം നടന്നതിന് പിന്നാലെ മാധ്യമങ്ങള്‍ യൂണിയന്‍ റൂമിലെത്തിയിരുന്നു. പൊലീസ് പരിശോധന നടത്തിയിരുന്നതാണ്. എന്നാല്‍ ഇതിന് ശേഷം ഉത്തര പേപ്പര്‍ അടക്കമുള്ളത് അവിടെ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് സച്ചിന്‍ ആരോപിച്ചു.

സംഭവം സര്‍ക്കാര്‍ സമഗ്രമായി അന്വേഷിക്കണമെന്നും എസ്എഫ്‌ഐയെ വേട്ടയാടാനായോ വാര്‍ത്താ പ്രധാന്യത്തിന് വേണ്ടിയോ കാര്യങ്ങള്‍ ചമയ്ക്കുന്നതായോ സംശയമുണ്ടെന്നും എസ്എഫ്‌ഐ ആരോപിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചതും പ്രതിഷേധിച്ചതും എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്നും സച്ചിന്‍ പറഞ്ഞു.

ഒന്നോ രണ്ടോ പേര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ ചൂണ്ടിക്കാണിച്ച് സംഘടന മുഴുവന്‍ മോശമാണെന്ന നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എസ്എഫ്‌ഐ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.