scorecardresearch

ഗാർഹിക തൊഴിലാളി സംരക്ഷണ ബിൽ ഉടനെന്ന് മുഖ്യമന്ത്രി; രാജ്യത്ത് തന്നെ ആദ്യം

കേരളത്തെ നവ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയും സാങ്കേതിക സൗഹൃദ സമൂഹവും ആക്കുക എന്നത് ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Pinarayi Vijayan
പിണറായി വിജയന്‍. ഫൊട്ടോ: പിആര്‍ഡി

തിരുവനന്തപുരം: ഗാർഹിക തൊഴിലാളി അവകാശ സംരക്ഷണ ബിൽ ഉടൻ പ്രാബല്യത്തിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കാൻ പോകുന്ന പ്രത്യേക ബിൽ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാജ്യത്ത് ആദ്യമായിരിക്കും ഇത്തരമൊരു ബിൽ ഒരു സംസ്ഥാനത്ത് നിലവിൽ വരുന്നത്. കൂടുതലും സ്ത്രീ പങ്കാളിത്തമുള്ള സംസ്ഥാനത്തെ ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളികൾക്കായുള്ള മറ്റ് പദ്ധതികൾക്കും ആനുകൂല്യങ്ങളും പുറമെയാണിതെന്ന് ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

“ജാതിമതവർഗലിംഗഭേദങ്ങൾക്കും സാമൂഹിക പശ്ചാത്തലങ്ങൾക്കും അതീതമായി എല്ലാ വിഭാഗം തൊഴിലാളികളോടും കരുതലിലൂന്നിയ വികസനസമീപനമാണ് കേരളത്തിന്റേത്. 2025 ഓടെ അതിദാരിദ്ര്യം കേരളത്തിലില്ലാതാക്കുമെന്നും അടുത്ത 20-25 വർഷങ്ങൾക്കുള്ളിൽ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് വികസിത- ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടേതിന് സമാനമായ വളർച്ച കേരളം കൈവരിക്കും,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ വകുപ്പുകൾ നടത്തിവരുന്ന നൈപുണ്യവികസന പദ്ധതികളെല്ലാം ഒരു കുടക്കീഴിലാക്കും. പലപ്പോഴും ഒരേ രൂപത്തിലുള്ള പദ്ധതികൾ പല വകുപ്പുകൾ ഏറ്റെടുത്തു നടത്തുന്നത് ഇരട്ടിപ്പിന് കാരണമാകുന്നു. അതിനാൽ നൈപുണ്യവികസനവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളുടെയും ഏകോപനവും, അവലോകനവുമടക്കം എല്ലാ പ്രവർത്തനങ്ങളും സംസ്ഥാനതലത്തിലുള്ള ഒരു മിഷന്റെ കീഴിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“കേരളത്തെ നവ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയും സാങ്കേതിക സൗഹൃദ സമൂഹവും ആക്കുക എന്നത് ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിലാണ് സംസ്ഥാനം. ഇതിന്റെ ഭാഗമായി ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്നതിന് വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന തൊഴിവൽവകുപ്പിന്റെ കർമ്മചാരി പദ്ധതി ഇത്തരത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ ഏറ്റവും പുതിയത്,” പിണറായി പറഞ്ഞു.

ലോകവ്യാപകമായി എല്ലാ തൊഴിൽമേഖലകളും നിരവധി വെല്ലുവിളികൾ നേരിടുകയാണെന്നും തൊഴിലാളി ക്ഷേമത്തിനു പ്രധാന്യം നൽകുന്ന നിയമനിർമാണങ്ങളിലുടെയും നയങ്ങളിലൂടെയും തൊഴിലാളികളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിന് പ്രഥമസ്ഥാനം നൽകുന്ന കേരളം ഇത്തരം പ്രശ്‌നങ്ങളെ നേരത്തേ തന്നെ മനസിലാക്കുന്നതിനും അതിനുള്ള പരിഹാരസാധ്യത തേടുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Domestic workers protection bill come into force soon cm vijayan