രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനസ്ഥാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ യാത്രക്കാർക്കാർക്കായുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തിങ്കളാഴ്ച മുതലാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തുന്ന യാത്രക്കാർക്കായുള്ള മാർഗനിർദേശങ്ങളാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്. ഇവ കർശനമായി നടപ്പാക്കേണ്ട ചുമതല ജില്ലാ കളക്ടർമാർക്കാണെന്ന് സംസ്ഥാന സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.

അതേ സമയം കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ കോവിഡ് രോഗലക്ഷണങ്ങളില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് ഇത് നിർബന്ധമാണെന്ന അറിയിപ്പ് ഇതിനകം വന്നിട്ടുണ്ട്. മറ്റു വിമാനത്താവളങ്ങളും സമാന നടപടി സ്വീകരിച്ചേക്കും. കോവിഡ് രോഗലക്ഷണങ്ങളില്ലെന്ന സർട്ടിഫിക്കറ്റ്   പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഇ ലഭ്യമാവും.

സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശങ്ങൾ

 • വിമാന ടിക്കറ്റുകൾ ലഭിച്ച ശേഷം, യാത്രക്കാർ അവരുടെ വിശദാംശങ്ങൾ കോവിഡ് 19 ജാഗ്രത വെബ്സൈറ്റിൽ (//covid19jagratha.kerala.nic.in/) രജി സ്ട്രർ ചെയ്യണം.
 • ഒന്നിലധികം വ്യക്തികൾ ഒരു ടിക്കറ്റിൽ യാത്ര ചെയ്യുകയാണെങ്കിൽ എല്ലാ വ്യക്തികളുടെയും വിശദാംശങ്ങൾ ചേർക്കണം. ഇതിനായി സംഘത്തിലെ ആരെങ്കിലും രജിസ്ട്രർ ചെയ്യുകയും ആഡ് ഫാമിലി മെംബർ എന്ന ഓപ്ഷൻ വഴി മറ്റുള്ളവരുടെ വിശദാംശങ്ങൾ ചേർക്കുകയും വേണം.
 • രജിസ്ട്രർ ചെയ്ത മൊബൈൽ നമ്പറിലേക്കും ഇമെയിലിലേക്കും അയക്കുന്ന ക്യുആർകോഡിനൊപ്പം യാത്രാ പെർമിറ്റ് ലഭിക്കും.

Read More: അന്താരാഷ്ട്ര വിമാന സർവീസ് രണ്ടു മാസത്തിനുള്ളിൽ: ഭാഗികമായി പുനരാരംഭിക്കാൻ ശ്രമിക്കുമെന്ന് വ്യോമയാന മന്ത്രി

 • വിമാനത്താവളത്തിൽ ബോർഡിങ്ങ് പാസ് അനുവദിക്കുന്നതിന് മുൻപായി എയർലൈൻ ജീവനക്കാർ യാത്രക്കാർക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ നിന്ന് ലഭിച്ച എൻ‌ട്രി പാസിന്റെ വിശദാംശങ്ങൾ‌ പരിശോധിക്കണം. ഇതിനായി അവർക്ക് പ്രത്യേക അഭ്യർത്ഥന അയക്കണം.
 • യാത്രക്കാർക്ക് അവരുടെ വീട്ടിലേക്ക് പോവാൻ സ്വന്തം വാഹനമോ വാടക വാഹനങ്ങളോ ഉപയോഗിക്കാം.
 • രജിസ്ട്രേഷൻ വിശദാംശങ്ങൾ യാത്രക്കാർ വിമാനത്താവളത്തിലെ രജിസ്ട്രേഷൻ ഡെസ്കിൽ കാണിക്കണം.
 • മെഡിക്കൽ പരിശോധനയിൽ കോവിഡ് ലക്ഷണങ്ങൾ കാണിക്കാത്തവരെ ഹോം ക്വാറന്റൈനിലേക്കും രോഗലക്ഷണങ്ങളുള്ളവരെ കോവിഡ് ചികിത്സയ്ക്കും അയക്കും.
 • സംസ്ഥാനത്ത് പ്രവേശിക്കുന്ന എല്ലാ വ്യക്തികളും 14 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണം. വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നതിന് ബുദ്ധിമുട്ടുള്ളവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിലേക്ക് മാറ്റും.
 • വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരെ കൊണ്ടുപോവാൻ വാഹനങ്ങളുമായി ബന്ധുക്കളോ സുഹൃത്തുക്കളോ അടക്കമുള്ളവർക്ക് വരാം. വിമാനത്താവളത്തിലെത്തുന്ന വാഹനത്തിൽ ഡ്രൈവറടക്കം രണ്ട് പേർമാത്രമേ പാടുള്ളൂ. വിമാനത്താവളത്തിലെത്തിയവരുമായി സമ്പർക്കം പുലർത്തിയവരും രണ്ടാഴ്ച ഹോം ക്വാറന്റൈനിൽ പോണം.
 • യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി.

Read More: അടുത്ത മൂന്നു മാസത്തേക്ക് വിമാന ടിക്കറ്റ് നിരക്കുകൾ ഇങ്ങനെയാണ്

വിമാനത്താവളങ്ങളിൽ ഒരുക്കേണ്ട അധിക സൗകര്യങ്ങൾ

 • യാത്രക്കാരെ സാമൂഹിക അകലം പാലിച്ച് കൃത്യമായി ഇറക്കാനുള്ള സൗകര്യം
 • ഹെൽത്ത് ഡെസ്ക്
 • വിവിധ ഡെസ്കുകളിലേക്ക് യാത്രക്കാർക്ക് സാമൂഹിക അകലം പാലിച്ച് ക്യൂ നിൽക്കാനുള്ള സംവിധാനം
 • ഡെസ്കുകളിൽ ഐടി അടിസ്ഥാന സൗകര്യങ്ങളും അവയ്ക്കുള്ള സാങ്കേതിക പിന്തുണയും
 • ആരോഗ്യ പരിശോധനയ്ക്കായുള്ള പ്രത്യേക ചേംബറുകൾ
 • ലഗേജ് അണുവിമുക്തമാക്കണം
 • എല്ലാ ഉദ്യോഗസ്ഥർക്കും പിപിഇ, സാനിറ്റൈസറുകൾ
 • വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ആവശ്യമായ അളവിൽ വിന്യസിക്കണം
 • ഇൻഫ്രാറെഡ് ഫ്ലാഷ് തെർമോമീറ്റർ വഴി താപനിലാ പരിശോധ
 • കോവിഡുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളെക്കുറിച്ചുള്ള സംശയ നിവാരണം ഹെൽത്ത് ഡെസ്കിൽ മാത്രം
 • നിരീക്ഷണം വിമാനത്താവള ഉദ്യോഗസ്ഥർ ഏകോപിപ്പിക്കണം
 • രോഗലക്ഷണമുള്ളവരെ പ്രത്യേകം ആംബുലൻസിൽ ഐസൊലേഷനിലേക്ക് മാറ്റണം. രണ്ട് ചേംബറുകളുളള ആംബുലൻസിൽ ഡ്രൈവർ പിപിഇ ധരിച്ചിരിക്കണം.
 • നിരീക്ഷണത്തിനായി രണ്ടാഴ്ചത്തേക്കാണ് ജീവനക്കാരെ നിയമിക്കേണ്ടത്. അത് കഴിഞ്ഞാൽ രണ്ടാഴ്ച അവരെ ക്വാറന്റൈനിലേക്ക് മാറ്റണം

Read More: പ്രവാസികളുടെ ക്വാറന്റൈൻ: ഹോട്ടലുകളുടെ നിരക്കും സൗകര്യങ്ങളും ഇങ്ങനെ, പൂര്‍ണ്ണ പട്ടിക കാണാം

 • ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ലക്ഷണമുണ്ടെങ്കിൽ ജില്ലാ സംസ്ഥാന തലങ്ങളിലെ ഏകീകൃത രോഗ നിരീക്ഷണ സംവിധാനത്തിൽ (ഐഡിഎസ്പി) വവിവരമറിയിക്കണം. പിസിആർ പരിശോധന നടത്തണം.
 • പ്രതിദിന റിപോർട്ടുകൾ എന്നും വൈകിട്ട് മൂന്നോട് കൂടെ controlroomdhskerala@gmail.com,
  covid19travelsurveillance@gmail.com എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് അയക്കണം.
 • പുറത്തിറങ്ങിയ യാത്രക്കാരെ സാമൂഹിക അകലം പാലിച്ച് 20-25 പേരുള്ള ഗ്രൂപ്പുകളാക്കിത്തിരിച്ചാവണം ഹെൽത്ത് ഡെസ്കിലേക്ക് അയക്കേണ്ടത്. ആളുകൾക്കിടയിൽ ഒരുമീറ്റർ അകലം പാലിക്കണം.
 • വീൽചെയറുകൾ ലഭ്യമാക്കണം
 • രോഗലക്ഷണങ്ങളുള്ളവരെ സാംപിൾ കളക്ഷനും പരിശോധനയ്ക്കും കൊണ്ടുപോവാൻ പ്രത്യേക വാഹനങ്ങൾ
 • എയർപോർട്ടിലെ അനൗൺസ്മെന്റ് സംവിധാനം പ്രയോജനപ്പെടുത്തണം
 • എയർപോർട്ട് ജിവനക്കാർ കോവിഡ് നിയന്ത്രണ ചട്ടങ്ങൾ പാലിക്കണം

ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 25 നാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തിവച്ചത്. എന്നാൽ കാർഗോ ഫ്ലൈറ്റുകൾ, മെഡിക്കൽ ഇവാക്വേഷൻ ഫ്ലൈറ്റുകൾ, ഏവിയേഷൻ റെഗുലേറ്റർ ഡിജിസി‌എ അംഗീകരിച്ച പ്രത്യേക ഫ്ലൈറ്റുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ അനുവദിച്ചിരുന്നു. ഏറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് തുടങ്ങാൻ തീരുമാനിച്ചത്.

നിലവിലെ സാഹചര്യത്തിൽ കണ്ടെയ്മെന്റ് സോണുകളിൽ നിന്നുള്ളവർക്ക് വിമാനങ്ങളിൽ യാത്ര അനുവദിക്കില്ല. യാത്രയ്ക്കൊരുങ്ങുന്നവരെല്ലാം അവർ കണ്ടെയ്മെന്റ് സോണിൽ നിന്നല്ല വരുന്നതെന്നും കോവിഡ്- 19 രോഗലക്ഷണങ്ങളില്ലായെന്നും സത്യവാങ്മൂലം നൽകണം.

ആഭ്യന്തര വിമാന സർവീസ് ആരംഭിക്കുന്നതിൽ ചില സംസ്ഥാന സർക്കാരുകൾ എതിർപ്പറിയിച്ചിരുന്നു.  എന്നാൾ സംസ്ഥാനങ്ങളുടെ എതിർപ്പ് തള്ളിയ കേന്ദ്ര സർക്കാർ ആഭ്യന്തര വിമാന സർവീസ് തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു. തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് വിമാന സർവീസ് ആരംഭിക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.