ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യും; കസ്റ്റംസ് നോട്ടീസ് അയച്ചു

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ പറയുന്നത്

P Sreeramakrishnan,Sreeramakrishnan to be questioned,dollar smuggling,dollar smuggling case,ചോദ്യം ചെയ്യലിന് ഹാജരാകാൻ,ഡോളർ കടത്ത്,ഡോളർ കടത്ത് കേസിൽ,സ്പീക്കർക്ക് നോട്ടീസ്,dollar, iemalayalam, ഐഇ മലയാളം

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ  സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഈ മാസം 12 ന് കൊച്ചി ഓഫീസിൽ ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് സ്പീക്കർക്ക് നോട്ടീസ് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിൽ പറയുന്നത്.

കോൺസൽ ജനറൽ വഴിയാണ് ഡോളർ കടത്തെന്നും ​ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ പണം നിക്ഷേപിച്ചുവെന്നുമാണ് കേസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളുടെ മൊഴി കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

യുഎഇ മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമെന്നും മൂന്നു മന്ത്രിമാര്‍ക്ക് ഇടപാടുകളില്‍ പങ്കുണ്ടെന്നും മൊഴിയില്‍ പറയുന്നു. അറബി ഭാഷ അറിയുന്നതിനാല്‍ കോണ്‍സുലേറ്റുമായുള്ള ബന്ധത്തില്‍ താന്‍ ഇടനിലക്കാരിയായെന്നുമാണ് ഏറ്റുപറച്ചില്‍. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

Read More: ലക്ഷ്യം മുഖ്യമന്ത്രി, ഭരണത്തുടർച്ചയുണ്ടാകുമെന്ന തിരിച്ചറിവിൽ ബിജെപിക്ക് സമനില തെറ്റി: സിപിഎം

മുഖ്യമന്ത്രിയും സ്പീക്കറും കോണ്‍സുലര്‍ ജനറലുമായി അനധികൃത പണമിടപാടുകളാണ് നടത്തിയത്. വിവിധ ഇടപാടുകളിൽ ഉന്നതർ കോടിക്കണക്കിന് രൂപ കമ്മീഷൻ കൈപ്പറ്റിയെന്നതടക്കമുള്ള വിവരങ്ങളാണ് സ്വപ്ന സുരേഷ് കോടതിയിൽ നടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

അതേസമയം, ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ കസ്റ്റംസ് സത്യവാങ്മൂലത്തെ ഒറ്റക്കെട്ടായി വിമർശിക്കുകയാണ് സിപിഎം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നതെന്ന് സിപിഎം വിമർശിക്കുന്നു. എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലമെന്ന് സിപിഎം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയിൽ ആരോപിച്ചു.

“ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവർ മാറി. തിരഞ്ഞടുപ്പ് പ്രചാരവേലയുടെ ഉപകരണമായി കേന്ദ്ര ഏജൻസികൾ അധപതിച്ചു. യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന വെല്ലുവിളിക്ക് ജനം മറുപടി നൽകും. അന്വേഷണ ഏജൻസികളുടെ നടപടി പരസ്യമായ ചട്ടലംഘനമാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഈ സര്‍ക്കാരിനുമുള്ള തിളക്കമേറിയ പ്രതിച്ഛായ ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിരിക്കുകയാണ്,” കഴിഞ്ഞ ദിവസം സിപിഎം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ ഇന്ന്‌ എല്‍ഡിഎഫ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കും. കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dollar smuggling case speaker p sreeramakrishnan to be interrogated

Next Story
പാലാരിവട്ടം പാലം മറ്റന്നാൾ തുറക്കും; ഔദ്യോഗിക ചടങ്ങുകളില്ല
The moderation of comments is automated and not cleared manually by malayalam.indianexpress.com