വയനാട്: വൈത്തിരിയില്‍ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ നായ്ക്കളുടെ ഉടമയെ അറസ്റ്റ് ചെയ്തു. വയനാട് വൈത്തിരി ചാരിറ്റി അംബേദ്കർ കോളനിയിൽ തൊഴിലുറപ്പ് തൊഴിലാളി രാജമ്മയാണ് മരിച്ചത്. വൈത്തിരി സ്വദേശി കാരിക്കല്‍ ജോസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നരഹത്യക്കും അപകടകരമായ രീതിയില്‍ മൃഗങ്ങളെ വളര്‍ത്തിയതിനും കേസെടുത്തു.

സംസ്ഥാനത്ത് അപകടകാരികളായ നായ്ക്കളെ വളർത്തുന്നത് തടയാൻ സമഗ്രമായ നിയമനിർമാണ സാധ്യതയെക്കുറിച്ച് ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. രാജമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ സി.കെ.ശശീന്ദ്രന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നായ്ക്കളെ വളർത്താൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലൈസൻസ് എടുത്താൽ പോലും നിലവിലുള്ള വ്യവസ്ഥ പ്രകാരം പിഴ മാത്രമാണ് ശിക്ഷ. ഈ സാഹചര്യത്തിലാണ് നിയമനിർമാണ സാധ്യതയെക്കുറിച്ച് ആലോചിക്കുന്നത്.

രാജമ്മയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി ജില്ലാ കളക്ടർ അനുവദിച്ച 5000 രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കും. നായ്ക്കളുടെ ഉടമസ്ഥൻ കാരിക്കൽ ജോസിനെതിരെ സംഭവം നടന്ന ഉടൻ മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ഒളിവിൽ പോയ ഉടമസ്ഥനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. വളർത്തുനായ്ക്കൾക്ക് നിയമപ്രകാരമുള്ള ലൈസൻസില്ലെന്നും നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിൽ വെളിവായ ഇത്തരം വസ്തുതകളുടെ അടിസ്ഥാനത്തിൽ നരഹത്യ വകുപ്പുകൾകൂടി ഉൾപ്പെടുത്തി. നായ്ക്കളെ പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ വിശദമായ പരിശോധനയ്ക്കയച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.