കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ പൊലീസ് കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷന്‍ 153 പ്രകാരമാണ് കേസ്. ബുധനാഴ്ച ഡിവൈഎഫ്ഐ നേതാവ് നല്‍കിയ പരാതിയിലാണ് സുധാകരനെതിരായ നടപടിയെന്നാണ് ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം. അത് മലബാറിലെ സാധാരണ പ്രയോഗമാണെന്ന വിശദീകരണവും കെപിസിസി അധ്യക്ഷന്‍ നല്‍കി. “തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അറസ്റ്റ് ചെയ്യട്ടെ, ഇത് വെള്ളരിക്ക പട്ടണമല്ല. എൽഡിഎഫ് പ്രചരണത്തിന് ഉപയോഗിച്ചാൽ 10 വോട്ട് കൂടുതൽ കിട്ടും,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയന്‍ ‘ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയിൽ ഓടിനടക്കുന്നത്’ എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍. ഇതിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജനടക്കമുള്ള പ്രമുഖ നേതാക്കാള്‍ പ്രതിഷേധിച്ചിരുന്നു. സുധാകരനെതിരെ കേസെടുക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിക്കെതിരെയുള്ള സുധാകരന്റെ പ്രസ്‌താവന നെറികെട്ടതാണെന്നും ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്നും സിപിഎം അറിയിച്ചിരുന്നു. തൃക്കാക്കരയില്‍ യുഡിഎഫിന്റെ പ്രതീക്ഷകളെ പൂര്‍ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Also Read: ഓഫ് റോഡ് റൈഡ്: നടന്‍ ജോജുവിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്