scorecardresearch
Latest News

പേവിഷബാധ: വൈറസിന് ജനിതക വകഭേദമുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തുനിന്ന് ശേഖരിച്ച വൈറസുകളുടെ സമ്പൂര്‍ണ ജനിതക ശ്രേണീകരണം പൂണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തും

stay dogs, rabies death, veena george

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ വൈറസിന് ജനിതക വകഭേദം സംഭവിച്ചോയെന്നു പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തെരുവ് നായയുടെ കടിയേറ്റ് പത്തനംതിട്ട റാന്നി സ്വദേശിയായ പന്ത്രണ്ടുകാരി മരിച്ചതിനു പിന്നാലെയാണു മന്ത്രിയുടെ പ്രസ്താവന.

”വാക്സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങള്‍ റാബിസില്‍ അത്യപൂര്‍വമാണ്. എങ്കിലും അടുത്ത കാലത്ത് പേ വിഷബാധ ഉണ്ടായവരില്‍ വാക്സിനും സിറവും സ്വീകരിച്ചവരുമുണ്ടെന്നതിനാലാണ് ഇത്തരം ഒരു അന്വേഷണം കൂടി നടത്തുന്നത്. ഇതിനായി സംസ്ഥാനത്തുനിന്ന് ശേഖരിച്ച വൈറസുകളുടെ സമ്പൂര്‍ണ ജനിതക ശ്രേണീകരണം പൂണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തും,” മന്ത്രി പറഞ്ഞു.

പെരുനാട് ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ അഭിരാമി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഇന്നു മരിച്ചത്. കുട്ടിയ്ക്കു പേവിഷം ബാധിച്ചതായി പൂണെ വൈറോളജി ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.

ഓഗസ്റ്റ് 13-നാണ് അഭിരാമിയ്ക്കു കടിയേറ്റത്. രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം. അഭിരാമി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നായ പിന്നാലെയെത്തി കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്ന ഭാഗത്തും കടിച്ചു.

അഭിരാമിയുടെ ശരീരത്തില്‍ ഏഴ് മുറിവുണ്ടായിരുന്നു. കണ്ണിനു സമീപത്തേത് ആഴത്തിലുള്ള മുറിവായിരുന്നു. നായയുടെ നഖം കൊണ്ടുള്ള മുറിവുകളും അഭിരാമിയുടെ ശരീരത്തിലുണ്ടായിരുന്നു.

പേ വിഷബാധയ്ക്കെതിരെ മൂന്നു ഡോസ് വാക്സിനും അഭിരാമിക്കു നല്‍കയിരുന്നെങ്കിലും ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത കുട്ടിയ്ക്ക് ആദ്യ ഡോസ് വാക്സിനും ഹീമോഗ്ലോബിനും നല്‍കിയുള്ള ചികിത്സയ്ക്കുശേഷം 15നു ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്നു പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്നു തുടര്‍ കുത്തിവയ്പുകള്‍ നല്‍കി.

സ്ഥിതി മോശമായതോടെ വെള്ളിയാഴ്ച വൈകിട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണു മരിച്ചത്.

സംസ്ഥാനത്ത് നായകളുടെ കടിയേറ്റ് ഈ വര്‍ഷമുണ്ടായ മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഓഗസ്റ്റ് 26നു നിര്‍ദേശിച്ചിരുന്നു. പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയത്.

വിദഗ്ധസമിതി അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണു മന്ത്രിയുടെ നിര്‍ദേശം. പേവിഷബാധ പ്രതിരോധ വാക്‌സിന്റെ മുഴുവന്‍ ഡോസും എടുത്തിട്ടും മരണം സംഭവിക്കുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണു മന്ത്രിയുടെ നിര്‍ദേശം

തെരുവുനായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കാനും വാക്സിനേഷനും നടത്താന്‍ ആരോഗ്യ, തദ്ദേശഭരണ, മൃഗസംരക്ഷണ വകുപ്പുകളുടെ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. വളത്തുനായ്ക്കളുടെ വാക്്സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പാക്കുന്നത് ഉറപ്പാക്കും. ഓരോ ബ്ലോക്കിലും വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Dog bite death kerala rabies genetic variation genomic analysis test