തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) ന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപക ഡോക്ടര്‍മാരുടെ സമരം. അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയയും ഒഴികെ മുഴുവന്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. കെജിഎംഒഎ ഉള്‍പ്പടെ 40ഓളം ഡോക്ടര്‍മാരുടെ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടും. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് സമരം.
അത്യാഹിത വിഭാഗവും, അടിയന്തര ശസ്ത്രക്രിയകളും ഒഴികെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുമെന്നതിനാല്‍ സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ ആശുപത്രികളുടെ പ്രവര്‍ത്തനം ഏറെക്കുറെ സ്തംഭിക്കും. അത്യാവശ്യമുള്ള രോഗികളെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കുന്നുണ്ടെന്നും ബാക്കിയുള്ള രോഗികളെ കാര്യം പറഞ്ഞുമനസ്സിലാക്കുന്നുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സമരത്തിന് മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എയും പിന്തുണ പ്രഖ്യാപിച്ചതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും സമരം ബാധിക്കും.
വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ തടയുന്നതിനു നടപടി സ്വീകരിക്കണമെന്നും കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടര്‍ക്കു നേരെയുണ്ടായ വധശ്രമക്കേസിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമരം നടത്തുന്നത്.