തിരുവനന്തപുരം: കോവിഡ് രോഗിയെ പുഴുവരിച്ചതിൽ ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെ മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ സമരത്തിലേക്ക്. സസ്‌പെൻഷൻ നടപടി പിൻവലിച്ചില്ലെങ്കിൽ ചൊവ്വാഴ്‌ച മുതൽ കോവിഡ് ഇതര ഡ്യൂട്ടി ബഹിഷ്‌കരിക്കാനാണ് ഡോക്‌ടർമാരുടെ തീരുമാനം.

തിങ്കളാഴ്‌ച രാവിലെ രണ്ട് മണിക്കൂർ ഒപി ബഹിഷ്‌കരിക്കാനാണ് സമരക്കാരുടെ തീരുമാനം. ചൊവ്വാഴ്‌ച മുതൽ കോവിഡ് ഇതര ഡ്യൂട്ടികളും അധ്യാപനവും ബഹിഷ്‌കരിക്കും. എന്നാൽ, അത്യാഹിത വിഭാഗങ്ങൾക്ക് മുടക്കമില്ല.

മൂന്ന് ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്‌ടർമാർ നടത്തുന്ന റിലേ സത്യഗ്രഹ സമരം തുടരുകയാണ്. അതേസമയം, ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌ത നടപടിയിൽ പ്രതിഷേധിച്ച് എറണാകുളത്തും തൃശൂരും സ്ഥാനമൊഴിഞ്ഞ നോഡൽ ഓഫീസർമാർ രാജി പിൻവലിച്ചു.

Read Also: കൊച്ചിയിൽ നാവികസേന ഗ്ലൈഡര്‍ തകർന്നുവീണു; രണ്ട് ഉദ്യോഗസ്ഥർ മരിച്ചു

കോവിഡ് രോഗിയെ പുഴുവരിച്ചതിൽ മെഡിക്കൽ കോളജിലെ കോവിഡ് നോഡൽ ഓഫീസറേയും രണ്ട് ഹെഡ് നഴ്‌സുമാരെയുമാണ് നേരത്തെ സസ്‌പെൻഡ് ചെയ്‌തത്. സസ്‌പെൻഷൻ നടപടി പിൻവലിക്കണമെന്ന് ഡോക്‌ടർമാർ ആവശ്യപ്പെടുന്നു.

മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ രോഗിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമയം, ആരോഗ്യ വിദ്യാഭ്യാസ ഡയറക്‌ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടനകളുടെ സമ്മർദത്തിന് വഴങ്ങേണ്ടെന്നുമാണ് സർക്കാർ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.