തിരുവനന്തപുരം: ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞ് രോഗികൾ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആഹ്വാനം ചെയ്ത സമരം സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുളളവയുടെ പ്രവർത്തനം സ്തംഭിപ്പിച്ചു. സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ച് സമരത്തിന് പിന്തുണ പ്രകടിപ്പിച്ചു. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ (കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ) നേതൃത്വത്തിലാണ് ഒപി ബഹിഷ്കരിച്ച് സമരത്തിന് പിന്തുണ നൽകിയത്. രാവിലെ 9 മുതൽ 10 വരെയായിരുന്നു ഒപി ബഹിഷ്കരണം.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗികളെ പരിശോധിക്കാൻ എത്തിയ ഡോക്ടറെ നിർബന്ധിപ്പിച്ച് സമരത്തിന് ഇറക്കി. പനി മൂലം വലഞ്ഞ സ്ത്രീ കരഞ്ഞ് അപേക്ഷിച്ചിട്ടും ഡോക്ടർ ചികിൽസിക്കാൻ തയ്യാറായില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. അതേസമയം, സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ഏറെക്കുറെ നിലച്ച മട്ടാണ്. സ്വകാര്യ ആശുപത്രികളിൽ അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിക്കുന്നത്. ഡോക്ടർമാർ ആരും തന്നെ ജോലിക്കെത്തിയിട്ടില്ല. രാവിലെ മുതൽ ബുക്കിങ്ങിനായി വിളിക്കുന്നരോട് ഡോക്ടർ ഇല്ലെന്ന മറുപടിയാണ് ജീവനക്കാർ നൽകുന്നത്. സർക്കാർ ഡോക്ടർമാർ ഇന്നു സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കൽ വിദ്യാർഥികളും പണിമുടക്കിൽ പങ്കുചേരുന്നുണ്ട്.

ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ല് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് ഐഎംഎ രാജ്യവ്യാപകമായി മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ഹോമിയോ, ആയുര്‍വേദം തുടങ്ങി ഇതരവിഭാഗങ്ങള്‍ പഠിച്ചവര്‍ക്ക് പ്രത്യേക പരീക്ഷ വിജയിച്ച് അലോപ്പതി ചികില്‍സ നടത്താം എന്നതുള്‍പ്പെടെയുള്ള ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെയാണ് ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കിയത്. ഗ്രാമപ്രദേശങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ