തിരുവനന്തപുരം: ഒ.പി സമയം കൂട്ടിയതിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന സർക്കാർ ഡോക്ടർമാരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ചർച്ചയ്ക്ക് ക്ഷണിച്ചു. സമരം നടത്തുന്ന ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയാണ്. ഇത് കഴിഞ്ഞാൽ സമരം പിൻവലിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ്​ വിവരം.

ഒ.പി സമയം കൂട്ടിയതിൽ പ്രതിഷേധിച്ച് നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ ഡോക്ടർമാർ ചർച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും വിട്ടു വീഴ്ച്ചയ്ക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. തങ്ങൾക്ക് പിടിവാശിയില്ലെന്നും ചർച്ചയ്ക്ക് തയ്യാറാണെന്നും സമരം ചെയ്യുന്ന ഡോക്ടർമാർ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ട് അറിയിച്ചു.

സമരം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ ന്യായമല്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രി നിയമപരമായി നടപടിയെടുത്ത് തന്നെ മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. നോട്ടീസ് നല്‍കാതെയുള്ള സമരത്തെ സമരമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

തന്നെ കാണണമെന്ന ഡോക്ടർമാരുടെ ആവശ്യത്തോട് മന്ത്രി ശൈലജ വൈകുന്നേരം മുഖം തിരിക്കുകയും ചെയ്തു. സമരം നിറുത്തിയ ശേഷം മതി താനുമായുള്ള ചർച്ചയെന്ന് മന്ത്രി ഡോക്ടർമാരെ അറിയിക്കുകയായിരുന്നു.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണസമരത്തെ ശക്തമായി നേരിടാനാണ് മന്ത്രിസഭ തീരുമാനം. പ്രൊബേഷനില്‍ ജോലി ചെയ്യുന്നവര്‍ ഹാജരായില്ലെങ്കില്‍ പിരിച്ച് വിടും. സമരം അവസാനിപ്പിക്കാതെ ഡോക്ടര്‍മാരുമായി ചര്‍ച്ചക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രകോപിപ്പിച്ചാല്‍ അത്യാഹിത വിഭാഗം കൂടി നിര്‍ത്തിവെയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

രോഗികളെ ദുരിതത്തിലാക്കി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാലാംദിവസത്തിലേക്ക് എത്തിയതോടെയാണ് രാവിലെ ചേര്‍ന്ന മന്ത്രിസഭയോഗം വിഷയം ചര്‍ച്ച ചെയ്തത്. നിലവിലെ സാഹചര്യവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടികളും ആരോഗ്യമന്ത്രി യോഗത്തെ അറിയിച്ചു. തുടര്‍ന്ന് സമരത്തെ കര്‍ശനമായി നേരിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ