തിരുവനന്തപുരം: ഡോക്ടർമാരുടെ പണിമുടക്ക് സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ശക്തമായ നടപടിയുമായി സംസ്ഥാന സർക്കാർ. സമരത്തിന് നേത്രത്വം നൽകുന്ന കെജിഎംഒ നേതാക്കളെ സ്ഥലംമാറ്റിക്കൊണ്ട് സർക്കാർ നടപടി തുടങ്ങി. നോട്ടീസ് പോലും നൽകാതെ നടത്തുന്ന സമരം ജനങ്ങൾക്കെതിരായ വെല്ലുവിളിയാണെന്ന് ഇന്ന് ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തിയിരുന്നു.

കഴിഞ്ഞ വെളളിയാഴ്ച മുതൽ ആരംഭിച്ച സമരത്തിൽ സ്പെഷ്യാലിറ്റി ഒപികള്‍ പൂര്‍ണമായും മുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്. കരാര്‍ ഡോക്ടര്‍മാരേയും മെഡിക്കല്‍ വിദ്യാര്‍ഥികളേയും നിയോഗിച്ചുള്ള ജനറല്‍ ഒപികള്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

അതേസമയം അനധികൃത അവധിയിലുള്ള ഡോക്ടര്‍മാരുടെ പട്ടിക ആരോഗ്യവകുപ്പ് ശേഖരിച്ചു തുടങ്ങി. നടപടിയെടുത്താല്‍ കൂട്ട രാജിക്കൊരുങ്ങും എന്നാണ് ഡോക്ടര്‍മാരുടെ ഭീഷണി. ഇതിനിടെ ഐ എം എ ഇടപെട്ടുള്ള അനുനയശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സമരം മുന്നോട്ടുപോയാല്‍ രോഗികളെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നുമുറപ്പ്.

ഒ.പി സമയം വൈകിട്ട് ആറ് വരെയാക്കിയത് പിന്‍വലിക്കണം, ആശുപത്രികളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. മൂന്ന് ദിവസം പിന്നിട്ട സമരം നാലാം ദിവസവും തുടരുകയാണ്. 4300ഓളം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം സാധാരണക്കാരായ രോഗികളെയാണ് കൂടുതലും ബാധിച്ചത്. സമരം അവസാനിക്കാനുള്ള സാഹചര്യം ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും. ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്തേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ