തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വികലമായ മെഡിക്കൽ നയത്തിനെതിരെ രാജ്യവ്യാപകമായി ഐഎംഎയുടെ നേതൃത്വത്തിൽ നാളെ ഡോക്ടർമാർ പണിമുടക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ മുഴുവൻ ആശുപത്രികളിലേയും ഡോക്ടർമാർ പണിമുടക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ.ഉമ്മറും, സെക്രട്ടറി ഡോ.എൻ.സുൾഫിയും അറിയിച്ചു.

സാധാരണ നിലയിൽ നാളെ ഒപിയും മറ്റ് സേവനങ്ങളും ഉണ്ടാകില്ല. എന്നാൽ അത്യാഹിത വിഭാഗത്തിൽ അവശ്യ സേവനം ഉറപ്പാക്കും. പണിമുടക്കുന്ന ഡോക്ടർമാർ രാവിലെ 11 മണിക്ക് രാജ്ഭവൻ മാർച്ചും നടത്തും. ഇവരോടൊപ്പം രാജ്യവ്യാപകമായി മെഡിക്കൽ വിദ്യാർത്ഥികളും പണിമുടക്കും. ഇതിനോടകം തന്നെ സംസ്ഥാനത്ത് മെഡിക്കൽ വിദ്യാർത്ഥികൾ രാജ്ഭവന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു കഴിഞ്ഞു.

പണിമുടക്കിലേക്ക് തള്ളിവിട്ട സാഹചര്യം കേന്ദ്ര സർക്കാർ സൃഷ്ടിച്ചതാണ്. ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള അധികാരം ആയുഷിന് ചെറിയ കോഴ്സിലൂടെ നൽകാനുള്ള നീക്കം വ്യാപകമായ വ്യാജ വൈദ്യത്തിന് ഇടയാക്കും. ഇത് പൊതുജനാരോഗ്യത്തെ വൻ ആപത്തിലേക്ക് നയിക്കുമെന്ന് ഐഎംഎ ഭാരവാഹികൾ വ്യക്തമാക്കി.

എംബിബിഎസ് ബിരുദം നേടിയ ഡോക്ടർമാർ വീണ്ടും പ്രാക്ടീസ് ചെയ്യാനുള്ള അനുവാദം ലഭിക്കാൻ ലൈസൻസ് പരീക്ഷ കൊണ്ടുവരാനുള്ള നീക്കം ഡോക്ടർമാരുടെ ക്ലിനിക്കൽ വൈദഗ്‌ധ്യം കുറക്കുമെന്നല്ലാതെ എൻട്രൻസ് മാഫിയയെ സഹായിക്കാനുള്ള നീക്കമാണെന്ന് അവർ ആരോപിച്ചു.

സ്വകാര്യ മെഡിക്കൽ കോളേജുകളിലെ 60 മുതൽ 100 ശതമാനം വരെ സീറ്റിൽ ഫീസ് നിയന്ത്രണം എടുത്ത് കളയുന്നത് കാരണം മെഡിക്കൽ വിദ്യാഭാസം സാധാരണക്കാർക്ക് ചിലവേറിയതാകും. മെഡിക്കൽ കോളേജ് അനുവദിക്കുന്നതിലും, പരിശോധിക്കുന്നതിലും വ്യാപകമായ അഴിമതി ഉണ്ടാക്കാവുന്ന നിയമങ്ങളാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ബില്ലിൽ ഉള്ളതെന്ന് അവർ കുറ്റപ്പെടുത്തി.

ജനാധിപത്യ പരമായുള്ള മെഡിക്കൽ കൗൺസിലിന് പകരം കേന്ദ്ര സർക്കാർ നോമിനേറ്റ് ചെയ്യുന്ന ‘നാഷണൽ മെഡിക്കൽ കമ്മീഷൻ’ (എൻഎംസി) ജനാധിപത്യ സ്വഭാവവും സംസ്ഥാനങ്ങൾക്കുള്ള പ്രതിനിധ്യവും ഇല്ലാതാക്കും. ഇത്തരത്തിലുള്ള ആരോഗ്യ മേഖലയെ അപകടത്തിലാക്കുന്ന തെറ്റായ നയങ്ങൾക്കെതിരെ നടത്തുന്ന പണിമുടക്കിൽ എല്ലാവരും സഹകരിക്കണമെന്നും ഐഎംഎ ഭാരവാഹികൾ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ