തിരുവനന്തപുരം: ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും പൊലീസിനും ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ഡെപ്യൂട്ടി ഡിഎംഒ സാജന്‍ മാത്യൂവാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഹൗസ് സര്‍ജന്മാരെ കൂടാതെ മറ്റു രണ്ട് ഡോക്ടര്‍മാരെയും സംഭവ ദിവസം ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാല്‍ സന്ദീപിനെ ചികിത്സിച്ചിരുന്ന സമയത്ത് രണ്ട് ഡോക്ടര്‍മാരുടെയും സാന്നിധ്യമുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ജാഗ്രതക്കുറവുണ്ടായി. അപ്രതീക്ഷിത ആക്രമണം നേരിടുന്നതില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനും ഗുരുതര വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
പ്രതി ആക്രമിച്ചപ്പോള്‍ പൊലീസ് പുറത്തേക്കോടിയത് ആക്രമണത്തിന്റെ തീവ്രത കൂട്ടി. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടരുകയാണ്. പൊലീസ് സര്‍ജന്റെയടക്കം മൊഴി രേഖപ്പെടുത്തി.
കേസിലെ പ്രതി സന്ദീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി. സന്ദീപിനെ അഞ്ചു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്കാവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതിക്കു വേണ്ടി പോലീസ് കഴിഞ്ഞദിവസം പ്രൊഡക്ഷന്‍ വാറണ്ടിന് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ നേരിട്ടു ഹാജരാക്കാന്‍ കൊട്ടാരക്കര കോടതി നിര്‍ദേശം നല്‍കിയത്.
സന്ദീപിനെ അഞ്ചുദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോടതിയുടെ നിര്‍ദേശപ്രകാരം സന്ദീപിന്റെ രക്തസാംപിള്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.