കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ.വന്ദന ദാസിന് കണ്ണീരോടെ വിട നൽകി നാട്ടുകാരും വീട്ടുകാരും. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് വന്ദനയുടെ മൃതദേഹം മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലെത്തിച്ചത്. ഇന്നു പൊതുദർശനത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിരവധി പ്രമുഖർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. നന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു.

നന്ദനയുടെ ശവസംസ്കാരചടങ്ങിനോട് അനുബന്ധിച്ച് രാവിലെ അഞ്ചുമണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ കുറുപ്പന്തറ മുതൽ കടുത്തുരുത്തി വരെയുള്ള പ്രദേശങ്ങളിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം ഭാഗത്ത് നിന്നും ഏറ്റുമാനൂർ – കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ (കണ്ടെയ്നർ ലോറി ഒഴികെ ) കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാലകര- തോട്ടുവ -കാഞ്ഞിരത്താനം -കുറുപ്പന്തറ വഴി പോകണം. ഈ ഭാഗത്തുനിന്നും വരുന്ന കണ്ടെയ്നർ ലോറികൾ ഈ സമയത്ത് തലയോലപ്പറമ്പ് ഭാഗത്ത് പാർക്ക് ചെയ്യണം. കോട്ടയം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ (കണ്ടെയ്നർ ലോറി ഒഴികെ ) കുറുപ്പന്തറയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മണ്ണാറപ്പാറ- മള്ളിയൂർ ജംഗ്ഷൻ- റോയൽ മാർബിൾ ജംഗ്ഷൻ- മുട്ടുചിറ വഴി പോകണം. ഈ ഭാഗത്തുനിന്നും വരുന്ന കണ്ടെയ്നർ ലോറികൾ ഈ സമയത്ത് ഏറ്റുമാനൂർ ഭാഗത്ത് പാർക്ക് ചെയ്യണം.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായ വന്ദനയാണ് ഇന്നലെ അതിദാരുണമായി കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച അധ്യാപകൻ എസ്.സന്ദീപാണ് കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തി കൊലപ്പെടുത്തിയത്. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനു ശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.
ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സമരം ഇന്നും തുടരും. കാഷ്വൽറ്റി, ഐസിയു, ലേബർ റൂം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ഡന്റൽ അധ്യാപകരും പണിമുടക്കും. ഹോമിയോ ഡോക്ടർമാർ ഇന്നു പ്രതിഷേധദിനം ആചരിക്കും.