ആലപ്പുഴ: പൊലീസുകാരന്‍റെ മര്‍ദനത്തിനിരയായ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ചു. രാജിവയ്ക്കുന്നുവെന്നുമുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെയാണ് അവധിയില്‍ പ്രവേശിച്ചത്.
മർദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് താൻ രാജിവയ്ക്കുന്നതായി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ.രാഹുൽ മാത്യു അറിയിച്ചത്. പിന്നീട് ഈ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
മേയ് 14നാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ സിപിഒ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവിനെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷേ ജീവൻരക്ഷിക്കാനായില്ല. ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ചായിരുന്നു അഭിലാഷ് ആശുപത്രിയില്‍ എത്തി രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്.
അതിനിടെ, മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെജിഎംഒഎ) പ്രതിഷേധം ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി സ്പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും.
രാവിലെ 10 മുതല്‍ 11 വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐ പി ചികിത്സ, കോവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവക്ക് മുടക്കമുണ്ടാവില്ല.
കോവിഡ് മഹാമാരിയുടെ കാലത്തുപോലും ഇത്തരം അക്രമണങ്ങള്‍ ചെറുക്കാനും നീതി നടപ്പാക്കാനുമായി ഡോക്ടര്‍മാര്‍ക്ക് പരസ്യ പ്രതിഷേധത്തിലേക്ക് പോകേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ പൊലീസുകാരനുള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ: ജി.എസ്.വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ. ടി.എൻ.സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.
Read More: ഇന്ധനനിരക്ക് വർധിച്ചു; കേരളത്തിൽ സെഞ്ച്വറി കടന്ന് പെട്രോൾ വില