തിരുവനന്തപുരം: നിയമസഭയിൽ ഇന്ന് രാവിലെ ഉണ്ടായ പ്രതിപക്ഷ ബഹളത്തിനിടെ തെറ്റായ കാര്യം പറഞ്ഞെന്ന് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി രംഗത്ത് വന്നു. ശിവസേനയെ വാടകയ്‌ക്കെടുത്തെന്ന വിവാദ പരമാർശത്തിൽ സഭ ഇന്നലെ അലങ്കോലപ്പെട്ടപ്പോൾ, മുഖ്യമന്ത്രിയും നടുത്തളത്തിൽ ഇറങ്ങി വന്ന് പ്രതിപക്ഷത്തോട് ആക്രോശിച്ചെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.

എന്നാൽ സ്പീക്കർ ഇക്കാര്യം ഉടനടി നിഷേധിച്ചു. ഇത്തരത്തിലൊരു കാര്യം സഭയിൽ നടന്നിട്ടില്ലെന്നും ഇല്ലാത്ത കാര്യങ്ങൾ പറയരുതെന്നുമായിരുന്നു സ്പീക്കർ പ്രതിപക്ഷ നേതാവിനോട് പറഞ്ഞത്. ഇതിന് മറുപടി പറയാൻ എഴുന്നേറ്റ മുഖ്യമന്ത്രി ഇക്കാര്യം ആവർത്തിച്ചു. “വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ആണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഞാൻ എന്റെ സ്ഥാനത്ത് നിന്ന് എങ്ങോട്ടും മാറിയിട്ടില്ല. ആരോടും ആക്രോശിച്ചിട്ടുമില്ല. പച്ചക്കളളം പറയുന്നതിന് ഒരു അതിരില്ലേ”യെന്നും അദ്ദേഹം സഭയിൽ ചോദിച്ചു.

മുഖ്യമന്ത്രിയും സ്പീക്കറും ഒരുമിച്ച നിന്നതോടെ പ്രതിപക്ഷ നേതാവ് സമ്മർദ്ദത്തിലായി. എന്നാൽ സഭ താത്കാലികമായി നിർത്തിവച്ച ശേഷം മുഖ്യമന്ത്രി നടുത്തളത്തിലേക്ക് ഇറങ്ങിവന്നുവെന്നും പ്രതിപക്ഷ അംഗങ്ങളോട് കയർത്തു സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. “അത് താൻ നേരിൽ കണ്ടതാണ്. ഇക്കാര്യം നടക്കുന്പോൾ സ്പീക്കറും സഭയിൽ ഉണ്ടായിരുന്നു” അദ്ദേഹം വ്യക്തമാക്കി.

ഇതിനുള്ള മറുപടി പ്രതിപക്ഷ നേതാവിന് സ്പീക്കറാണ് നൽകിയത്. “സഭ ചേരാത്ത സമയങ്ങളിൽ സഭാംഗങ്ങൾ നടുത്തളത്തിലും മറ്റുമായി കൂടി നിൽക്കുന്നത് തെറ്റായി കാണുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സഭാംഗങ്ങളുമായി സൗഹൃദം പങ്കുവച്ചതിനെ അങ്ങ് തെറ്റായി വ്യാഖ്യാനിക്കരുത്” എന്നും സ്പീക്കർ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയും ശരിവച്ചു.

“സഭ ചേരാത്ത സമയത്ത്, ആദ്യമായാണ് മുഖ്യമന്ത്രി നടുത്തളത്തിലേക്ക് ഇറങ്ങിയതെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. മുൻപും പല മുഖ്യമന്ത്രിമാരും ഇങ്ങിനെ നടുത്തളത്തിൽ നിന്ന് അംഗങ്ങളോട് സൗഹാർദ്ദത്തോടെ പെരുമാറിയിട്ടുണ്ട്. താൻ ഭരരണ പക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങളോട് സൗഹാർദ്ദപരമായി മാത്രമേ സംസാരിച്ചിട്ടുള്ളൂ” വെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.