പത്തനംതിട്ട: പെരിയ ഇരട്ടക്കൊലക്കേസിന് പിന്നാലെ ആരെയും കൊല്ലാൻ പാടില്ലെന്ന ആഹ്വാനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് എവിടെയും സിപിഎം പ്രവർത്തകർ അക്രമങ്ങളിൽ ഭാഗമാകരുതെന്ന് കോടിയേരി പറഞ്ഞു.

കൊലപാതകം എവിടെയും പാടില്ലെന്നും എല്ലായിടത്തും സമാധാനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും പ്രകോപനങ്ങളിൽ വീണുപോകരുതെന്ന് കോടിയേരി പ്രവർത്തകരെ ഉപദേശിച്ചു. പാർട്ടി പ്രവർത്തകരുടെ വീടാക്രമിച്ചാൽ അതേ മട്ടിൽ മറ്റൊരു വീട് ആക്രമിക്കുക എന്ന രീതി ഇനി വേണ്ടെന്നും കോടിയേരി പറഞ്ഞു.

രാഷ്ട്രീയ പുനർ വിദ്യാഭ്യാസം ആവശ്യമാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി പ്രവർത്തകർ പ്രലോഭനങ്ങളിൽ വീണുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്നും പറഞ്ഞു. ഇടതുപക്ഷത്തിന്റെ കേരള സംരക്ഷണ യാത്രയിൽ അടൂരിലെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സർക്കാരിന്റെ ഭരണത്തിന് കീഴിൽ സൈന്യത്തിന് യാതൊരു സുരക്ഷയുമില്ലെന്നും അദ്ദേഹം പറഞ്ഞു. 890 പട്ടാളക്കാർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് കുറ്റപ്പെടുത്തിയ കോടിയേരി, ഇടതുപക്ഷം സൈനികർക്കൊപ്പമാണെന്നും പറഞ്ഞു.

സൈന്യത്തെ വർഗീയമായി ഉപയോഗിക്കാൻ ആര്‍എസ്എസ് ശ്രമിക്കുകയാണ്. പുൽവാമയിൽ സൈനികരെ റോഡ് മാർഗ്ഗം കൊണ്ടുപോയതിന് പകരം ഹെലികോപ്റ്ററോ വിമാനമോ ഉപയോഗിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നും രാജ്യസുരക്ഷ ഉറപ്പുവരുത്താൻ ബിജെപി കേന്ദ്രം ഭരിച്ചാൽ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ