കൊച്ചി: പാലാരിവട്ടം പാലം അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി. ഭാര പരിശോധന നടത്താതെയാണ് പാലം പൊളിക്കാൻ സർക്കാർ തീരുമാനമെടുത്തതെന്നും പരിശോധന നടത്താതെയുള്ള സർക്കാർ നടപടി അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി സ്ട്രക്ചറൽ എൻജിനീയേഴ്സ് അസോസിയേഷൻ അടക്കം സമർപ്പിച്ച മൂന്നു ഹർജികൾ പരിഗണിച്ചാണ് ഡിവിഷൻ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഇനി ഒരുത്തരവ് ഉണ്ടാവുന്നതു വരെ പാലം പൊളിക്കരുതെന്ന് കോടതി വ്യക്തമാക്കി. പാലത്തിന്റെ ഭാരപരിശോധന മുംബൈ ഐ ഐ ടി യെക്കൊണ്ട് നടത്തിക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. രണ്ടാഴ്ചക്കകം സർക്കാർ വിശദീകരണം നൽകണം. ചെന്നൈ ഐ ഐ ടി, പി ഡബ്ളിയുഡി, ഇ ശ്രീധരൻ എന്നിവർ പാലത്തെക്കുറിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടന്നും ഇത് കണക്കിലെടുക്കാതെയും ഭാരപരിശോധന നടത്താതെയുമാണ് പാലം പൊളിക്കാൻ സർക്കാർ നീക്കമെന്നുമാണ് ഹർജിക്കാരുടെ വാദം.
അതേസമയം പാലം നിര്‍മാണത്തിലെ അഴിമതിയില്‍ ഗൂഢാലോചന നടന്നെന്ന വിജിലന്‍സിന്റ വാദം തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. കരാറുകാരായ ആര്‍ഡിഎസ് പ്രോജക്ട്‌സിന് കരാര്‍ ലഭ്യമാക്കാന്‍ ടെന്‍ഡറില്‍ തിരിമറി നടന്നെന്ന ആരോപണത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് കോടതി വ്യക്തമാക്കി. കരാര്‍ കമ്പനി എംഡി സുമിത് ഗോയല്‍, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍മുന്‍ ഉദ്യോഗസ്ഥന്‍ എം ടി തങ്കച്ചന്‍, മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സുരജ് എന്നിവരുടെ ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്.
Read More: പാലാരിവട്ടം പാലം അഴിമതി: ഗൂഢാലോചന വാദം തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി
കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കരാർ കമ്പനി എംഡി സുമിത് ഗോയൽ, പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ.സൂരജ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ ഉദ്യോഗസ്ഥൻ എം.ടി തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷയാണു തള്ളിയത്. കിറ്റ്കോ ഉദ്യോഗസ്ഥൻ ബെന്നി പോളിനു കോടതി ജാമ്യം അനുവദിച്ചു.
അന്വേഷണം പുരോഗമിക്കുകയാണന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ കേസിനെ ബാധിക്കുമെന്നുമുള്ള വിജിലൻസിന്റെ വാദം കണക്കിലെടുത്താണു മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. സൂരജ് അടക്കമുള്ള മൂന്നു പ്രതികൾ 40 ദിവസമായി ജയിലിലാണ്.
ആർഡിഎസ് പ്രോസ്ട്രക്ട്സിനു സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കമ്പനി എംഡിയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി സർക്കാരിനു സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് സൂരജ് അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരായ കേസ്. ആർഡിഎസ് കമ്പനിക്കു കരാർ ലഭ്യമാക്കാൻ ടെൻഡർ രേഖകളിൽ തിരിമറി നടത്തിയതായും കോടതിയിൽ വാദത്തിനിടെ വിജിലൻസ് വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുമിത് ഗോയൽ സമർപ്പിച്ച ഹർജിയും കോടതി ഇന്നു പരിഗണിക്കും.