മലപ്പുറം: വാളെടുത്തവരെല്ലാം കോമരമാകുന്ന രീതി സിപിഎമ്മിന് ചേർന്നതെല്ലെന്നും എന്നാൽ ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ കണക്കുതീർത്ത് കൊടുക്കണമെന്ന ആഹ്വാനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണിൽ കുത്താൻ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നതു പോലെ പ്രതികരിക്കണമെന്നും കോടിയേരി പറഞ്ഞു. ചങ്ങരംകുളത്ത് സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെയും ലീഗിന്റെയും കോൺഗ്രസിന്റെയുമൊന്നും ഓഫിസ് ആക്രമിക്കാൻ ആരും പോകരുത്. കൈയ്യിൽ പണമുണ്ടെങ്കിൽ മാത്രം ഓഫിസ് ആക്രമിക്കാൻ പോയാൽ മതിയെന്നും കോടിയേരി പറഞ്ഞു. സമാധാനം സ്ഥാപിക്കാന്‍ എല്ലായിടത്തും പ്രവര്‍ത്തകര്‍ മുന്‍പന്തിയില്‍ നില്‍ക്കണം. അത് പാര്‍ട്ടിയുടെ ദൗര്‍ബല്യമല്ലെന്നും ശക്തിയുള്ളൊരു പാര്‍ട്ടിക്ക് മാത്രമേ സമാധാനം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിലയിടങ്ങളിൽ സിപിഎം പ്രവർത്തകർ വാളെടുത്തവരെല്ലാം കോമരം എന്ന അവസ്ഥയുണ്ട്. അത് പാർട്ടിയെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു. കാലോചിതമായി സമരരീതി പരിഷ്കരിക്കണം. ജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കുന്ന രീതികൾ സ്വീകരിക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.