scorecardresearch
Latest News

എംഎല്‍എക്കെതിരായ ജാതി അധിക്ഷേപ കേസ്: സാബു എം ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കേസില്‍ അന്വേഷണം തുടരാമെന്ന് പറഞ്ഞ കോടതി പ്രതികളെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാമെന്നും പറഞ്ഞു

Twenty20, Sabu M Jacob, PV Sreenijin

കൊച്ചി: പി വി ശ്രീനിജന്‍ എംഎല്‍എയെ ജാതിയമായി അപമാനിച്ചെന്ന കേസില്‍ ട്വന്റി ട്വന്റി പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അന്വേഷണം തുടരാമെന്നു പറഞ്ഞ കോടതി പ്രതികളെ അന്വേഷണ സംഘത്തിനു ചോദ്യം ചെയ്യാമെന്നും വ്യക്തമാക്കി.

ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനില്‍ കൃഷിദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എം എല്‍ എ വേദിയിലേക്കു കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ ഉള്ളവര്‍ വേദി വിടുകയായിരുന്നു. ശ്രീനിജന്റെ പരാതിയില്‍ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി.

കേസില്‍ പ്രതികളുടെ ഹര്‍ജി ക്രിസ്‌മസ് അവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റുന്നതായും അതുവരെ അറസ്റ്റ് പാടില്ലെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. അതേസമയം ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും കൂട്ടുപ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടില്ലെന്നും സാബു എം ജേക്കബ് ബോധിപ്പിച്ചു.

കേസില്‍ സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാരണമുണ്ടോയെന്നു സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഈ ഘട്ടത്തില്‍ അക്കാര്യം പറയാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും ഡിജിപി ടി എ ഷാജി പറഞ്ഞു. കേസെടുക്കാന്‍ കാലതാമസമുണ്ടായത് എന്തുകൊണ്ടാണെന്നു കോടതി ചോദിച്ചു. സംഭവം നടന്ന് മൂന്നു മാസത്തിനുശേഷമാണു കേസെടുത്തതെന്നു കോടതി ചൂണ്ടികാട്ടി.

പിവി ശ്രീനിജന്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്ന പേരില്‍ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് സാബു എം ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Do not arrest sabu m jacob says kerala high court