scorecardresearch
Latest News

മുഖ്യമന്ത്രിയുടെ ഓഫീസിലെ അതികായൻ, ഒടുവിൽ വിവാദനായകൻ; ശിവശങ്കർ അറസ്റ്റിലേക്കോ ?

ഇഡി ഓഫീസിൽ വിശദമായ ചോദ്യം ചെയ്യൽ നടക്കും. അതിനുശേഷമായിരിക്കും ശിവശങ്കർ പ്രതിയോണോ സാക്ഷിയാണോ എന്ന കാര്യത്തിൽ ഇഡി തീരുമാനമെടുക്കുക

sivasankar, ie malayalam

കൊച്ചി: സ്വർണക്കടത്ത് കേസിൽ ആരോപണം നേരിടുന്ന മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിയിൽ നിന്ന് ഇഡി സംഘം ശിവശങ്കറെ കസ്റ്റഡിയിലെടുത്തു. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹെെക്കോടതി തള്ളിയതിനു പിന്നാലെയാണ് ഇഡിയുടെ നടപടി.

കൊച്ചിയിലേക്ക് ഇഡി ഓഫീസിലേക്കാണ് ഇപ്പോൾ കൊണ്ടുപോകുന്നത്. ഇഡി ഓഫീസിൽ വിശദമായ ചോദ്യം ചെയ്യൽ നടക്കും. അതിനുശേഷമായിരിക്കും ശിവശങ്കർ പ്രതിയോണോ സാക്ഷിയാണോ എന്ന കാര്യത്തിൽ ഇഡി തീരുമാനമെടുക്കുക. ഇഡി ഓഫീസിലെ ചോദ്യം ചെയ്യലിൽ എന്തെങ്കിലും തെളിവ് ലഭിച്ചാൽ മാത്രമേ ശിവശങ്കറെ അറസ്റ്റ് ചെയ്യുന്ന നടപടിയെ കുറിച്ച് അന്വേഷണസംഘം ആലോചിക്കൂ.

മുഖ്യമന്ത്രിയുടെ വിശ്വസ്‌തൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്‌തനാണ് എം.ശിവശങ്കർ ഐഎഎസ്. ഐടി രംഗത്ത് ഏറെ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ ശിവശങ്കർ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് സർക്കാർ അടക്കം നേരത്തെ അവകാശപ്പെട്ടിരുന്നു. ഐടി വകുപ്പ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നി പദവികളിൽ ഇരിക്കുകയായിരുന്നു ശിവശങ്കർ.

വിവാദമായി സ്വർണക്കടത്ത് കേസ്

ജൂൺ 30 നാണ് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്‌സ് കാർഗോ വിമാനത്തിൽ നിന്ന് സ്വർണമടങ്ങിയ ബാഗേജ് പിടികൂടിയത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് വാർത്തകളിൽ നിറഞ്ഞു. ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്വപ്‌ന സുരേഷിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നു. സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയാണ് സ്വപ്‌ന സുരേഷെന്ന് അന്വേഷണസംഘം കണ്ടെത്തി. സ്വർണക്കടത്ത് കേസ് ഒന്നാം പ്രതി സരിത്, മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷ് എന്നിവരുമായി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയർന്നു. ഇതോടെ ശിവശങ്കർ വിവാദ നായകനായി.

ശിവശങ്കറിനെതിരായി സർക്കാർ നടപടി

ശിവശങ്കറിനെതിരെ ഗുരുതര ആരോപണമുയർന്ന സാഹചര്യത്തിൽ സർക്കാർ തലത്തിൽ നടപടിയെടുത്തു. ജൂലെെ ഏഴിന് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറെ നീക്കി. സ്വർണക്കടത്ത് കേസിൽ പ്രതിയായ ആളുകളുമായി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് നടപടിയെന്ന് സർക്കാർ വിശദീകരിച്ചു. ജൂലെെ 16 ന് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്‌തു ഉത്തരവായി.

ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തു

അന്വേഷണ ഏജൻസികൾ ശിവശങ്കറിനെ പലതവണ ചോദ്യം ചെയ്തു. ജൂലെെ 14 ന് ഒൻപത് മണിക്കൂറിലേറെ കസ്റ്റംസ് ചോദ്യം ചെയ്തു. എൻഐഎയും കസ്റ്റംസും പലപ്പോഴായി ശിവശങ്കറെ ചോദ്യം ചെയ്‌തു വിട്ടയച്ചു.

കസ്റ്റഡിയിലെടുത്തതിനുപിന്നാലെ  ദേഹാസ്വാസ്ഥ്യം

കസ്റ്റംസ് ചോദ്യം ചെയ്യലിനു കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒക്‌ടോബർ 16 നു  വൈകീട്ട് ഏഴ് മണിയോടെയാണ് ശിവശങ്കറിനെ തിരുവനന്തപുരത്ത് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാൽ, അദ്ദേഹം ആശുപത്രിയിൽ തന്നെ തുടർന്നു.

അന്നേദിവസം വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫീസിലേക്ക് പോകണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസിന്റെ വാഹനത്തിലാണ് ശിവശങ്കർ പുറപ്പെട്ടത്. യാത്രാമധ്യേ ശാരീരിക അവശതകള്‍ തോന്നിയതോടെ കസ്റ്റംസിന്റെ വാഹത്തില്‍ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റി

വിദേശകറൻസി കടത്തുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ കസ്റ്റംസ് വൃത്തങ്ങളിൽനിന്ന് പുറത്തുവന്ന വിവരം. സാധാരണ ചോദ്യം ചെയ്യലിനായി ശിവശങ്കർ സ്വന്തം വാഹനത്തിലാണ് പോയിരുന്നത്. എന്നാൽ, ഇന്നലെ കസ്റ്റംസ് വാഹനത്തിലാണ് പുറപ്പെട്ടത്.

യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ശിവശങ്കറിനെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കസ്റ്റംസിന്റെ കൂടി ആഗ്രഹപ്രകാരം  ഒക്‌ടോബർ 17 നു സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു.

മുൻകൂർ ജാമ്യാപേക്ഷ നൽകിയത് ആശുപത്രിയിൽവച്ച്

സ്വർണക്കടത്ത് കേസിലെ പ്രതികൾ വിദേശത്തേക്ക് കറൻസി കടത്തിയതായും ഈന്തപ്പഴ ഇടപാടിൽ അഴിമതി നടന്നതായും ആരോപണമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് കസ്റ്റംസ് ശിവശങ്കറിനെ കൊണ്ടുപോയത്. ഇതിനിടയിലാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ആശുപത്രിയിൽവച്ച് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകി.

താൻ രാഷ്ട്രീയക്കളിയുടെ ഇരയാണന്നു ശിവശങ്കർ മുൻകൂർ ജാമ്യഹർജിയിൽ ബോധിപ്പിച്ചു. സ്വർണക്കടത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ല. തന്നെ 90 മണിക്കൂറോളം ചോദ്യം ചെയ്തു. അറിയാവുന്ന എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ശ്രമിച്ചത്. നിയമവ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച തന്നെ അന്വേഷണ സംഘം തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 15ന് എൻഫോഴ്സ്മെന്റ് മുമ്പാകെ ഹാജരായി. 16ന് വൈകിട്ട് 5.10നാണ് തിരുവനന്തപുരത്ത് എത്തിയത്. 5.50 ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ കൂട്ടികൊണ്ടു പോകാനെത്തി. ഒരു കേസിൽ അറസ്റ്റിന് വിലക്കുള്ളപ്പോൾ വെള്ളിയാഴ്ച വൈകിട്ട് തന്നെ ചോദ്യം ചെയ്യാൻ എത്തിയത് ദുരുദ്ദേശപരമാണും നിയമത്തിന്റെ ദുരുപയോഗമാണ് നടന്നതെന്നും ശിവശങ്കർ ചൂണ്ടിക്കാട്ടി. നിരന്തരമായ ചോദ്യം ചെയ്യലിൽ താൻ ക്ഷീണിതനാണന്നും മെഡിക്കൽ കോളജിൽ ചികിൽസയിലാണന്നും ശിവശങ്കർ വ്യക്തമാക്കി.

അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ട്. ഒളിവിൽ പോകില്ല. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ എൻഫോഴ്‌സ്‌മെന്റ് നീക്കം

ഒക്ടോബര്‍ 23 നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഹെെക്കോടതി തടഞ്ഞത്. ഒക്ടോബര്‍ 28 വരെ അറസ്റ്റ് ചെയ്യരുത് എന്നായിരുന്നു നിർദേശം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഹെെക്കോടതി വിധി പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ഇഡി സംഘം തിരുവനന്തപുരത്തെത്തി ശിവശങ്കറെ കസ്റ്റഡിയിലെടുത്തു. നിലവിൽ ശിവശങ്കർ സ്വർണക്കടത്ത് കേസിലോ മറ്റേതെങ്കിലും കേസിലോ പ്രതിയല്ല. സ്വർണക്കടത്ത് വഴിയാണ് സ്വപ്‌ന സുരേഷ് ഇത്രയേറെ സമ്പത്തുണ്ടാക്കിയതെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിനു അറിവുണ്ടായിരുന്നു എന്ന അനുമാനത്തിലാണ് ഇപ്പോൾ ഇഡിയുടെ ചോദ്യം ചെയ്യൽ. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകൾ ലഭിച്ചാൽ ഇന്ന് അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യതയുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Do not arrest m sivasankar till 23rd says high court