ചെന്നൈ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ദുരിതാശ്വാസ ഫണ്ടിലേക്ക് താന്‍ ഒരു ലക്ഷം രൂപ നല്‍കിയെന്നും ഓരോരുത്തരുടെയും ഒരു കൈ സഹായം കേരളത്തിന് ആവശ്യമുണ്ടെന്നും ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. നിധിയിലേക്ക് പണം നല്‍കരുതെന്ന സോഷ്യല്‍ മീഡിയ പ്രചരണം തള്ളിക്കളയണമെന്നും പ്രതിപക്ഷ നേതാവ്.

‘അതിരൂക്ഷമായ പ്രളയക്കെടുതിക്ക് ഇരയായവരെ സഹായിക്കുന്നതിനായി ഒരു മാസത്തെ ശമ്പളം ഞാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കരുത് എന്ന സോഷ്യല്‍ മീഡിയ കാമ്പയിന്‍ നിങ്ങള്‍ തള്ളിക്കളയണം. മഹാദുരന്തത്തില്‍ നിന്നും കരകയറാന്‍ നിങ്ങള്‍ ഓരോരുത്തരുടെയും ഒരു കൈ സഹായം കേരളത്തിന് ആവശ്യമുണ്ട്.’ എന്നായിരുന്നു ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ദുരന്തത്തില്‍ പെട്ട് മരണമടഞ്ഞവരുടെ ബന്ധു മിത്രാദികളെ അനുശോചനം അറിയിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1 ലക്ഷം രൂപ സംഭാവനയായി നല്‍കുന്നതായി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും അറിയിച്ചു.

മഴക്കെടുതിയില്‍ ജീവിതം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കേരളത്തിന് താങ്ങായി തമിഴ്‌നാട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു കൊണ്ട് ഡിഎംകെ രംഗത്തെത്തിയിരിക്കുകയാണ്. ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിനാണ് വിവരം അറിയിച്ചത്. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഡിഎംകെ വിവരം അറിയിച്ചത്.

അതേസമയം, ലുലു ഗ്രൂപ്പ് ഫണ്ടിലേക്ക് അഞ്ച് കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.”കേരളം നേരിട്ട ഏറ്റവും മോശം സാഹചര്യമാണിതെന്നും കേരളം ഈ പരീക്ഷണ ഘട്ടം മറികടക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നു,” എന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി പറഞ്ഞു. നേരത്തെ തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും കേരളത്തിനായി 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. പിന്നാലെ തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു.

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ടയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കിയതായി ദേവരകൊണ്ട പ്രഖ്യാപിച്ചു. തന്റെ ആരാധകരോടും കേരളത്തിനൊപ്പം നില്‍ക്കണമെന്നു ദേവരകൊണ്ട ആവശ്യപ്പെട്ടു.

‘കേരളം മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ബുദ്ധിമുട്ടുകയാണെന്നും അവസ്ഥ മോശമാണെന്നും കേള്‍ക്കുന്നു. എന്റെ ആദ്യ അവധിക്കാലം ഞാന്‍ ചെലവിട്ടത് കേരളത്തില്‍ ആയിരുന്നു. എന്റെ സിനിമകള്‍ക്ക് ഒരുപാട് സ്നേഹവും പിന്തുണയും കേരളീയര്‍ നല്‍കിയിട്ടുണ്ട്. എനിക്കറിയാവുന്ന ഒരുപാട് നല്ല മനുഷ്യര്‍ അവിടെയുണ്ട്. ഓരോരുത്തരേയും എങ്ങനെ വ്യക്തിപരമായി ബന്ധപ്പെടണം എന്നെനിക്കറിയില്ല. പക്ഷെ ഞാന്‍ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ട്,’ വിജയ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

കമല്‍ ഹാസനും വിജയ് ടിവിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കാര്‍ത്തിയും സൂര്യയും ചേര്‍ന്നും 25 ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ കോ പ്രൊഡ്യൂസറും സംവിധായകനുമായ രാജശേഖര്‍ പാണ്ഡ്യന്‍ ആണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് അഭിമുഖീകരിക്കുന്നത്. തകര്‍ന്ന പ്രദേശങ്ങളെ പുനര്‍നിര്‍മ്മിക്കുക ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ്. കേരള ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് സിനിമാ- ടെലിവിഷന്‍ രംഗത്ത് നിന്നും സഹായങ്ങള്‍ എത്തിച്ചേരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.