തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്ന കാര്യം പാർട്ടി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മയിൽ. ഇക്കാര്യം എല്ലാവരും അറിഞ്ഞല്ല തീരുമാനിച്ചതെന്നും കെ.ഇ.ഇസ്മയിൽ പറഞ്ഞു.

“മന്ത്രിമാർ മന്ത്രിസഭ യോഗത്തിൽ നിന്ന് വിട്ടുനിന്നത് പാർട്ടിയിൽ എല്ലാവരും അറിഞ്ഞ് തീരുമാനിച്ച കാര്യമല്ല. പാർട്ടി ഇക്കാര്യം ചർച്ച ചെയ്യും. തോമസ് ചാണ്ടിയുടെ രാജിക്ക് കാരണമായ സീറോ ജെട്ടി റോഡ് നിർമ്മാണത്തിന് എംപിയെന്ന നിലയിൽ ഫണ്ട് അനുവദിച്ചത് പാർട്ടി നിർദ്ദേശിച്ചിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

“റോഡ് നിർമ്മാണത്തിന് പാർട്ടിയുടെ പ്രാദേശിക നേതൃത്വമാണ് അപേക്ഷ സമർപ്പിച്ചത്. ഇക്കാര്യം സംസ്ഥാന സമിതി യോഗത്തിൽ ചർച്ച ചെയ്തു. പിന്നീടാണ് ഫണ്ട് അനുവദിച്ചത്”, അദ്ദേഹം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല. മന്ത്രിയുടെ രാജി ഹൈക്കോടതി പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ്. ആരോപണങ്ങളുടെ പേരിലല്ല.” എന്നും കെ.ഇ.ഇസ്മയിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ