ത്രിതല പഞ്ചായത്തുകളുടെ അധ്യക്ഷന്മാരെ നാളെ അറിയാം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് രാവിലെ 11നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉച്ചതിരിഞ്ഞു രണ്ടിനുമാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് ജില്ലാ കലക്ടറും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേക്ക് അതതു വരണാധികാരികളുമാണു തെരഞ്ഞെടുപ്പ് നടപടികൾക്കു നേതൃത്വം നൽകുന്നത്.

ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് എന്നിവയിലെ ആദ്യത്തെ അംഗത്തെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കുക അതത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞാലുടന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യയോഗം ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും.

ഓരോ തദ്ദേശ സ്ഥാപനത്തിലേക്കും അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് നടത്തും. മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളുടേുയും പേരുകളും അതിന്റെ മറുപുറത്ത് വരണാധികാരിയുടെ പൂർണമായ ഒപ്പും മുദ്രയും പതിപ്പിച്ചാണു ബാലറ്റ് പേപ്പർ തയാറാക്കുക. ഈ ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർഥിയുടെ പേരിനു നേരേ x എന്ന അടയാളം രേഖപ്പെടുത്തി ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് വോട്ട് ചെയ്യുന്ന അംഗത്തിന്റെ പേരും ഒപ്പും രേഖപ്പെടുത്തണം.

വോട്ടെടുപ്പ് പൂർത്തിയായശേഷം വരണാധികാരി അംഗങ്ങളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നവർ വരണാധികാരി മുൻപാകെയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നവർ പ്രസിഡന്റ് മുൻപാകെയും സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പുവയ്ക്കണം.

തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമായി നടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുമെന്നു കളക്ടർ പറഞ്ഞു. കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുക. മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ നിർബന്ധമാണ്. ഏതെങ്കിലും പ്രദേശത്ത് ക്രമസമാധാന നില സംബന്ധിച്ച് ആശങ്കയുള്ള പക്ഷം പൊലീസ് സംരക്ഷണമടക്കമുള്ള സുരക്ഷിതത്വം ഉറപ്പാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.