കണ്ണൂർ: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തെ നേരിടാൻ ജില്ല ഭരണകൂടങ്ങൾ തയ്യാറെടുക്കുന്നു. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നാളെ മുതൽ അനിശ്ചിത കാല സമരം ആരംഭിക്കാനിരിക്കെയാണ് കണ്ണൂർ ജില്ല ഭരണകൂടത്തിന്റെ പുതിയ നടപടി. നഴ്സിങ്ങ് വിദ്യാർഥികളെ ആശുപത്രികളിൽ വിന്യസിക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചു. സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രികളിൽ നഴ്സിങ്ങ് വിദ്യാർഥികളെ രംഗത്ത് ഇറക്കുമെന്ന് കണ്ണൂർ ജില്ല കളക്ടർ അറിയിച്ചു.നഴ്സുമാരുടെ സമരം കണക്കിലെടുത്ത് നാളെ കണ്ണൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആശുപത്രികൾക്ക് കാവൽ ഒരുക്കാനും തീരുമാനം എടുത്തിട്ടുണ്ട്.

ആശുപത്രികളിൽ ജോലിക്ക് എത്തിയില്ലെങ്കിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാനും ജില്ല കളക്ടർ നഴ്സിങ്ങ് കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകി.

മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടും ചില നഴ്സിങ്ങ് സംഘടനകൾ വിമുഖത കാണിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കേരളം പനിച്ച് വിറയ്ക്കുന്നതിനിടെ ഈ സമരം നീട്ടിക്കൊണ്ട് പോകുന്നത് ശരിയല്ലെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. നേരത്തെ സമരം നിർത്തിയാൽ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചിരുന്നു. ഇത് പ്രകാരം യുഎൻഎ നാളെ മുതൽ നടത്താനിരുന്ന സമരം ബുധനാഴ്ചവരെ നീട്ടിയിരുന്നു.

എന്നാൽ തങ്ങളെ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞത്. ആയതിനാൽ തങ്ങൾ നാളെ മുതൽ പണിമുടക്കുമെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ