കൊച്ചി: പ്ലേ സ്‌കൂൾ ബസ് അപകടത്തിൽ​ കുട്ടികളടക്കം മൂന്ന് പേർ മരിച്ച സംഭവത്തെ തുടർന്ന് സുരക്ഷാ നടപടികൾ കർശനമായി നടപ്പാക്കുന്നു. കിന്റർഗാർട്ടനുകൾക്ക് റജിസ്ട്രേഷനും വിദ്യാഭ്യാസ സ്ഥാപങ്ങളുടെ ബസുകൾക്ക് സേഫ്റ്റി സ്റ്റിക്കറും നിർബന്ധമായി നടപ്പാക്കും. ഈ മാസം 20 നകം സേഫ്റ്റി സ്റ്റിക്കറുകൾ പതിക്കുകയും അടുത്ത മാസം 13നകം കിന്റർഗാർട്ടൻ റജിസ്ട്രേഷൻ പൂർത്തിയാക്കുകയും വേണം. ഇത് സംബന്ധിച്ച് ജില്ലാ കലക്‌ടർ മുഹമ്മദ് വൈ സഫറുളള ഉത്തരവിട്ടു.

ജൂലൈ 13 ന് മുന്‍പ് കിന്റര്‍ഗാര്‍ട്ടനുകള്‍ ജില്ലാ സാമൂഹിക നീതി ഓഫീസിൽ റജിസ്റ്റര്‍ ചെയ്യണം. റജിസ്‌ട്രേഷന്‍ നടപടികള്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ ആരംഭിക്കും. കിന്റര്‍ഗാര്‍ട്ടനുകളുടെ സമഗ്ര വിവര ശേഖരണം ലക്ഷ്യമിട്ടാണ് നടപടി.

പ്രീ സ്‌കൂളുകളുടെയും നടത്തിപ്പുകാരുടെ പൂർണ വിവരങ്ങള്‍, പഠിക്കുന്ന കുട്ടികളുടെ എണ്ണം, പ്രവര്‍ത്തന സമയം, കുട്ടികളുടെ ഗതാഗത സൗകര്യങ്ങള്‍, കിന്റര്‍ഗാര്‍ട്ടനില്‍ കുട്ടികള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ റജിസ്‌ട്രേഷന്‍ ഫോമില്‍ സമര്‍പ്പിക്കണം. അപകടം പോലുളള അടിയന്തിരഘട്ടങ്ങളില്‍ കുട്ടികളെയും മാതാപിതാക്കളെയും സ്‌കൂള്‍ അധികൃതരെയും ബന്ധപ്പെടുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുമായി ദുരന്ത നിവാരണ നിയമത്തിന്റെ ഭാഗമായാണ് റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന സേഫ്റ്റി സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങള്‍ ഈ മാസം 20 നകം നിര്‍ബന്ധമായും സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന് ജില്ലാ കലക്‌ടറുടെ ഉത്തരവിൽ വ്യക്തമാക്കി. വാഹനങ്ങളുടെ ഫിറ്റ്‌നസ്, ഡ്രൈവറുടെ പ്രവൃത്തി പരിചയം തുടങ്ങിയ വിവരങ്ങള്‍, വാഹനവുമായി ബന്ധപ്പെട്ട മറ്റു രേഖകള്‍ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പ് സേഫ്റ്റി സ്റ്റിക്കര്‍ പതിക്കുന്നത്.

കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ നിര്‍ബന്ധമാണെന്നും കലക്‌ടര്‍ അറിയിച്ചു. സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കും. 20 നു ശേഷം സ്റ്റിക്കര്‍ ഒട്ടിക്കാത്ത വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്‌ടര്‍ അറിയിച്ചു.

പ്രധാനാധ്യാപകര്‍, രക്ഷാകര്‍ത്തൃ സമിതി അംഗങ്ങൾ എന്നിവർക്കായി അടുത്തയാഴ്‌ച പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുമെന്നും കലക്‌ടര്‍ അറിയിച്ചു. കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുകയും വരികയും ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മാതാപിതാക്കളെയും അധ്യാപകരെയും ബോധവത്കരിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. മോട്ടോര്‍ വാഹന വകുപ്പും പൊലീസും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നായിരിക്കും പരിശീലനം സംഘടിപ്പിക്കുക.

മരടില്‍ പ്ലേ സ്‌കൂള്‍ വാഹനം മറിഞ്ഞ് അപകടമുണ്ടായ കാട്ടിത്തറ റോഡിലെ കുളത്തിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ നഗരസഭയ്‌ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും കലക്‌ടര്‍ പറഞ്ഞു. സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണര്‍ അറിയിച്ചു. മുവാറ്റുപുഴ ആര്‍ടിഒയ്‌ക്ക് കീഴില്‍ 640 വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ചു. എറണാകുളം ആര്‍ടിഒയ്‌ക്ക് കീഴില്‍ 2123 സ്‌കൂള്‍ വാഹനങ്ങളിലും സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. 90 ശതമാനത്തോളം വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് ആര്‍ടിഒ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.