scorecardresearch
Latest News

ഭരണഘടന വിരുദ്ധ പ്രസംഗം: സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

ഭരണഘടനയെ അപമാനിച്ച എംഎൽഎയെ ആ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം

Saji Cherian, Resignation, CPM

കൊച്ചി: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മലപ്പുറം സ്വദേശി ബിജു പി.ചെറുമകൻ, ബിഎസ്‌പി സംസ്ഥാന പ്രസിഡന്‍റ് വയലാർ രാജീവൻ എന്നിവരുടെ ഹർജിയിൽ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.

ഭരണഘടനയെ അപമാനിച്ച എംഎൽഎയെ ആ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്. വിവാദ പ്രസംഗത്തെ തുടർന്ന് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു.

”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാൻ പറയും. ബ്രിട്ടീഷുകാർ തയാറാക്കിക്കൊടുത്തൊരു ഭരണഘടന ഇന്ത്യക്കാർ എഴുതിവച്ചു. അതിന്റെ ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ആരു പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. അതിൽ കുറച്ച് മുക്കിലും മൂലയിലുമൊക്കെയായി ഇച്ചിരി ഗുണങ്ങളൊക്കെ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായി കൊള്ളയടിക്കാൻ പറ്റിയതാണ്ഭരണഘടന അതുകൊണ്ടാണ് അംബാനിയും അദാനിയും ഒക്കെ വളർന്നു വരുന്നത്,” എന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്.

അതിനിടെ, ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് നീക്കമെന്ന സൂചനയുണ്ട്. ദേശാഭിമാനത്തെ വ്രണപ്പെടുത്തിയതിനു കേസെടുക്കാൻ പത്തനംതിട്ട തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണു കോടതിയെ സമീപിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Disqualification of saji cherian high court verdict today