ആലപ്പുഴ: നഗരസഭാധ്യക്ഷ തിരഞ്ഞെടുത്തതിനെച്ചൊല്ലി ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി. മികച്ച വിജയം നേടിയ ആലപ്പുഴയിൽ സൗമ്യരാജിനെയാണ് പാർട്ടി നഗരസഭാ ചെയർപേഴ്സണായി തിരഞ്ഞെടുത്തത്. കെ ജയമ്മയെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ അടക്കമുള്ളവർ ചെങ്കൊടികളുമായി തെരുവിലിറങ്ങിയിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റംഗം പി പി ചിത്തരഞ്ജൻ അടക്കമുള്ളവർക്കെതിരെ മുദ്രാവാക്യവുമായാണ് സ്ത്രീകൾ അടക്കമുള്ളവർ ചെങ്കൊടികളുമായി നഗരമധ്യത്തിൽ പരസ്യമായ പ്രതിഷേധപ്രകടനം നടത്തുന്നത്.

പാര്‍ട്ടിയില്‍ ഏറെ നാളത്തെ പരിചയമുള്ള ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയെ അധ്യക്ഷയാക്കാതെ ഒരു തവണ മാത്രം കൗണ്‍സിലര്‍ ആയ സൗമ്യ രാജിനെ അധ്യക്ഷ പദവയിലേക്ക് തിരഞ്ഞെടുത്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ലക്ഷങ്ങൾ കോഴ വാങ്ങി പ്രസ്ഥാനത്തെ വിറ്റു എന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്.

എന്നാൽ തെരുവില്‍ ഇറങ്ങിയത് പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നവരാണെന്ന് പ്രതികരിച്ച് മന്ത്രി ജി.സുധാകരൻ രംഗത്തെത്തി. പരസ്യപ്രകടനം തെറ്റായ നടപടിയാണെന്നും പ്രകടനത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ പ്രതിഷേധം കൊണ്ട് തീരുമാനം മാറില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പ്രതികരിച്ചു. പ്രതിഷേധത്തിലൂടെ പാര്‍ട്ടിയെ മോശമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സൗമ്യയെ അധ്യക്ഷ ആക്കാമെന്ന ധാരണയോടെയാണ് മത്സരിപ്പിച്ചത്. പരസ്യ പ്രതിഷേധത്തെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും നാസര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.