കോഴിക്കോട്: സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരെ ജാതിക്കും മതത്തിനും അതീതമായ കൂട്ടായ്മ ഉയർന്നുവരുമെന്ന് ജെആര്‍എസ് ചെയര്‍പേഴ്‌സണ്‍ സി. കെ. ജാനു അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നതിനായി വിപുലമായ സമരം ആവശ്യമാണ്. ഇതിനായി ശക്തമായ സ്ത്രീകൂട്ടായ്മ ഉയര്‍ന്നുവരും. അത് ജാതിയോ മതമോ നോക്കാതെയുള്ള കൂട്ടായ്മയായിരിക്കുമെന്നും രൂപം കൊളളുകയെന്നും അവര്‍ പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജാനു

നടിയെ അക്രമിച്ച സംഭവത്തില്‍ കുറ്റവാളികള്‍ ആരായാലും നടപടിയെടുക്കണം. നടി എന്നതിലുപരി സ്ത്രീക്കു നേരേയാണ് അക്രമം ഉണ്ടായത്. സ്ത്രീകള്‍ അക്രമിക്കപ്പെടാന്‍ പാടില്ല. സിനിമാ രംഗത്ത് സ്ത്രീകള്‍ അവരുടെതായ കൂട്ടായ്മ ഉണ്ടാക്കി. ഇക്കാലമത്രയും ഉണ്ടാകാത്തതാണ്. അവരുടെ അവകാശം സംരക്ഷിക്കാന്‍ അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അത്തരം പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കേണ്ടി വരുന്നത് കേരളത്തിന്റെ ഗതികേടായാണ് കാണേണ്ടത്. അതിനെ അങ്ങനെയാണ് മനസ്സിലാക്കേണ്ടത്. കേരളത്തിലുള്ള ഭരണാധികാരികള്‍ക്ക് പിടിപ്പുകേട് ഉണ്ടാകുമ്പോള്‍ പുതിയ സംഘടനകള്‍ ഉണ്ടാകുന്നു. അവരുടെ ജീവനും സ്വത്തിനും സുരക്ഷയുണ്ടാകാന്‍ പുതിയ സംഘടന രൂപീകരിച്ചേ പറ്റൂ എന്ന നിലപാടിലെത്തുന്നതിന് സര്‍ക്കാര്‍ തന്നെയാണ് മറുപടി പറയേണ്ടത്.

ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള ശക്തമായ ഭൂസമരത്തിന് വരും നാളുകളില്‍ കേരളം സാക്ഷിയാകും. ഗോത്രമഹാസഭയും ജെആര്‍എസും ചേര്‍ന്നുള്ള സമരത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഒന്നിച്ചുനിന്നുള്ള വ്യത്യസ്തമായ സമരങ്ങളാകും ഉണ്ടാകുക. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരും ഭൂമിയില്ലാത്ത ഇതര വിഭാഗങ്ങളെയും കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള സമരമാണ് ഉദ്ദേശിക്കുന്നത്. ഭൂരഹിതരില്ലാത്ത കേരളം അതാണ് ലക്ഷ്യം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രഖ്യാപനം മാത്രമായിരുന്നു.

വീടില്ലാത്തവര്‍ക്ക് ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള ഇടത് സര്‍ക്കാര്‍ പദ്ധതി ചേരികള്‍ സൃഷ്ടിക്കാനാണ് വഴിയൊരുക്കുക. ഭൂമിയാണ് ആവശ്യം. കേരളത്തില്‍ ആവശ്യത്തിന് ഭൂമിയുണ്ട്. ഇത് വിതരണം ചെയ്യുന്നതിന് സര്‍ക്കാരിനെ തീരുമാനമെടുപ്പിക്കുന്ന തരത്തിലുള്ള മുന്നേറ്റമാണ് ഉണ്ടാവുക. ചെറിയ ചെറിയ ഗ്രൂപ്പുകളായ പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരും. അവയുടെ കൂട്ടായ്മയുണ്ടാക്കും. ഭൂരഹിതരായ മനുഷ്യന് മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായുള്ള ശക്തമായ സമരം സംഘടിപ്പിക്കുമെന്നും  ജാനു കൂട്ടിച്ചേര്‍ത്തു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ