തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ശാക്തീകരണ പദ്ധതികളിൽ ഇനി മുതൽ ഭിന്നശേഷിയുള്ള കുട്ടികൾ അംബാസഡർമാരാകും. ഭിന്ന ബൗദ്ധിക ശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിയ ശേഷം സംസ്ഥാന സസർക്കാരിന്റെ അഭിമാന പദ്ധതികളുടെ ബ്രാന്റ് അംബാസഡർമാരാക്കാനാണ് നീക്കം.

ഓട്ടിസം, സെറിബ്രൽ പാൾസി, വിഷാദരോഗം, ഹൈപ്പർ ആക്ടിവിറ്റി എന്നീ രോഗങ്ങളുള്ള 23 വിദ്യാർത്ഥികളെയാണ് സർക്കാർ “അനുയാത്ര” പദ്ധതിയുടെ ഭാഗമാക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉപരാഷ്ട്രപതി ഹമീദ് അൻസാരി തിങ്കളാഴ്ച നടത്തും.

ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനും അതോടൊപ്പം, ഇത്തരം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ മാജിക് അക്കാദമിയിൽ 23 കുട്ടികൾക്ക് മാജികിൽ പരിശീലനം നൽകിയിരുന്നു. മജീഷ്യൻ ഗോപിനാഥ് മുതുകാടാണ് ഇതിന് നേതൃത്വം നൽകിയത്.

തിരുവനന്തപുരം ജില്ലയിലെ ബഡ്സ് സ്കൂളുകളിൽ നിന്നും സ്പെഷൽ സ്കൂളുകളിൽ നിന്നുമാണ് കുട്ടികളെ തിരഞ്ഞെടുത്തത്. സാമൂഹ്യ നീതി വകുപ്പിന് കീഴിൽ സാമൂഹ്യ സുരക്ഷ മിഷന്റെയാണ് അനുയാത്ര പദ്ധതി. ഇതിൽ മാജിക് അക്കാദമി, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ദേശീയ ആരോഗ്യ മിഷൻ എന്നിവരും ഭാഗമാകുന്നുണ്ട്.

23 വിദ്യാർത്ഥികൾക്കും മാജിക് അക്കാദമിയിൽ സൗജന്യമായാണ് മാജിക് പരിശീലനം നൽകിയത്. പദ്ധതി, സർക്കാരിനെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കാനുള്ള ഇടതുമുന്നണിയുടെ തീരുമാനത്തിന്റെ ഭാഗമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞു. ഭിന്ന ബൗദ്ധിക ശേഷിയുള്ള ആദ്യത്തെ മജീഷ്യന്മാരുടെ സംഘമാകും ഇതെന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാടും പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ