തിരുവനന്തപുരം: കൊച്ചി മെട്രോയിൽ കിടന്നതിന് ഭിന്നശേഷിക്കാരനെ സോഷ്യൽ മീഡിയയിൽ അപമാനിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ഭിന്നശേഷി കമ്മിഷണർ ജി.ഹരികുമാറാണ് സൈബർ സെല്ലിനോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. ബധിരനും മൂകനുമായ അങ്കമാലി സ്വദേശി എൽദോ മെട്രോയിൽ കിടക്കുന്നതിന്റെ ചിത്രങ്ങളാണ് പ്രചരിച്ചത്.

ഇദ്ദേഹം മദ്യപിച്ചാണ് മെട്രോയിൽ കിടന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. “പാമ്പ്” എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പ്രചരിച്ചത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതോടെയാണ് ഭിന്നശേഷി കമ്മിഷണർ തന്നെ നേരിട്ട് വിഷയത്തിൽ ഇടപെട്ടത്.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന അനുജനെ കണ്ടതിന്റെ മനോവിഷമംകൊണ്ടാണ് എല്‍ദോ മെട്രോയില്‍ കിടന്നുപോയതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതോടെയാണ് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഭിന്നശേഷി കമ്മിഷണർ ഉത്തരവിട്ടത്.

സമൂഹമാധ്യമങ്ങളില്‍ ദുഷ്പ്രചാരണം നടന്നതോടെ എൽദോ മാനസികമായി തകർന്നിരുന്നു. ശാരീരികപരിമിതിയും സാമ്പത്തികബുദ്ധിമുട്ടും മൂലം കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ എൽദോയ്ക്ക് സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് ഭിന്നശേഷി കമ്മിഷണറുടെ ഇടപെടൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ