കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഏതെങ്കിലും ഒരു ഡ്രൈവറുടെ തലയില്‍ കെട്ടിവെച്ച് ഞങ്ങള്‍ കേസ് തെളിയിച്ചെന്ന വീമ്പിളക്കി രക്ഷപ്പെടാന്‍ അന്വേഷണസംഘം തയ്യാറാകില്ലെന്നു പ്രതീക്ഷിക്കുന്നതായി സംവിധായകന് വിനയന്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന മഞ്ജു വാര്യരുടെ വാക്കുകളാണ് ഇവിടെ പ്രസക്തമെന്നും വിനയന് കൂട്ടിച്ചേര്‍ത്തു.
പ്രശസ്തയായ നടിക്കെന്നല്ല കേരളത്തിലെ ഒരു പെൺ കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. ഇത്തരം ക്രൂരത കാട്ടുന്നവരേയും അതിനു കൂട്ടു നിൽക്കുന്നവരേയും പരമാവധി ശിക്ഷക്കു വിധേയരാക്കണം. ഈ നടിയെ ആക്രമിച്ചവരും അതിനു കൊട്ടേഷൻ കൊടുത്തവരും സാംസ്കാരിക മേഖലയായ സിനിമാരംഗത്ത് ജോലി ചെയ്യുന്നവരാണ് എന്നു കേൾക്കുമ്പോഴാണ് ഞെട്ടലുളവാകുന്നതെന്നും വിനയന് ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ഏതെങ്കിലും ഒരു ഡ്രൈവറുടെ തലയിൽ കെട്ടിവച്ച് ഞങ്ങൾ കേസു തെളിയിച്ചെ എന്നു വീമ്പിളക്കി രക്ഷപെടാൻ ഈ കേസിലെ അന്വേഷണ സംഘം തയ്യാറാകില്ല എന്നു നമുക്കു പ്രതീക്ഷിക്കാം, വിനയന് വ്യക്തമാക്കി.
സംഭവത്തില്‍ സിനിമാ ഇന്‍ഡസ്ട്രിയിലുള്ളവരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗൂഢാലോചനയില്‍ സിനിമ അടക്കമുള്ള മേഖലകളില്‍ നിന്നുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് ഐജി ദിനേദ്ര കശ്യപ്പ് പറഞ്ഞു. ചലച്ചിത്ര മേഖലയില്‍ നിന്ന് ആര്‍ക്കെങ്കിലും ഉള്ള ശത്രുതയാണോ സംഭവത്തിന് പിന്നിലെന്നും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാനഭംഗശ്രമത്തിന് ഇരയായ മലയാളത്തിലെ പ്രമുഖ യുവനടി പാതിരാത്രിയിൽ സംവിധായകൻ ലാലിന്റെ കാക്കനാട് പടമുഗളിലെ വീട്ടിൽ അഭയം തേടിയതിന് തൊട്ടുപിന്നാലെ, സിനിമാമേഖലയിലെ ഒരാൾ പൾസർ സുനിയെ മൊബൈൽ ഫോൺ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഫോൺ വിളിച്ചയാളെ തിരിച്ചറിയാൻ ശ്രമത്തിലാണ് പൊലീസ്.
ഇയാളെ തിരിച്ചറിഞ്ഞാൽ ആലുവയിലേക്ക് വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. സംഭവം നടന്നശേഷം രാത്രി ലാലിന്റെ വീട്ടിൽ വച്ച് തന്നെ പൊലീസ് സംഘം സുനിയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചിരുന്നു. ഈ സമയം നഗരമദ്ധ്യത്തിൽ ഗിരിനഗർടവർ ലൊക്കേഷന്‍ കീഴിലായിരുന്നു സുനി.
എന്നാൽ, നിമിഷങ്ങൾക്കകം ഈ ഫോൺ സ്വിച്ച് ഓഫായി. സിനിമാമേഖലയിൽ നിന്നെത്തിയ കാളിലൂടെ കാര്യങ്ങൾ കൈവിട്ടു പോയെന്ന് അറിഞ്ഞ സുനി ഉടനേ മുങ്ങിയെന്നാണ് പൊലീസ് പറയുന്നത്. സുനിയുടെ മൊബൈൽ ഫോൺ കാൾ വിശദാംശങ്ങൾ പരിശോധിച്ചപ്പോഴാണ് സുപ്രധാന വിവരം ലഭിച്ചത്.
നേരത്തേ ഇയാള്‍ തന്റെ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ടെന്ന് നടനും എംഎല്‍എയുമായ മുകേഷും പറഞ്ഞു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം തിരിച്ചറിഞ്ഞപ്പോഴാണ് പറഞ്ഞുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നില്‍ കിര്മിനല് ഗൂഢാലോചന ഉണ്ടെന്നാണ് നടി മഞ്ജു വാര്യര്‍ പ്രതികരിച്ചത്. മലയാള സിനിമയിലെ ഒരു നടന് നടിയോട് ശത്രൂത ഉണ്ടായിരുന്നെന്നും ഇതും അന്വേഷിക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരനും ആവശ്യപ്പെട്ടു.