കൊച്ചി: അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ഭൗതിക ശരീരം കൊച്ചി രവിപുരം സ്മശാനത്തില്‍ സംസ്‍കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. സച്ചിയുടെ മൃതദേഹം ഇന്നു രാവിലെയാണ് കൊച്ചിയിലെത്തിച്ചത്. തമ്മനത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. മൂന്നരയോടെ തമ്മനത്തെ വീട്ടിൽ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. രവിപുരത്തെ ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, സാദിഖ് തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകർ തമ്മനത്തെ വീട്ടിൽ എത്തിയിരുന്നു.
സച്ചിയെ ഒരിക്കലും മറക്കാൻ സാധിക്കില്ലെന്ന് നടൻ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. സച്ചിയുടെ മൃതദേഹം കണ്ടശേഷം സുരാജ് വിങ്ങിപ്പൊട്ടി. സച്ചിയെ കുറിച്ച് വളരെ വെെകാരികമായാണ് സുരാജ് സംസാരിച്ചത്. “സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല. ഒരിക്കലും നഷ്‌ടപ്പെടരുതെന്ന് ആഗ്രഹിച്ച, ഒരുപാട് പ്രാർത്ഥിച്ച വലിയൊരു തിരക്കഥാകൃത്ത്, സംവിധായകൻ…അതിലുപരി പച്ചയായ മനുഷ്യൻ. മാത്രമല്ല, എനിക്ക് അദ്ദേഹം ഒരു ജ്യേഷ്‌ഠനായിരുന്നു. മലയാള സിനിമയ്‌ക്കെന്നല്ല, അദ്ദേഹത്തെ ഒരുതവണ പരിചയപ്പെട്ട ആർക്കും മറക്കാൻ പറ്റുന്നതല്ല…” വാക്കുകളിടറി സുരാജ് പറഞ്ഞു.
എട്ടു വര്‍ഷത്തോളം ഹൈക്കോടതി അഭിഭാഷകനായിരുന്ന സച്ചിയുടെ മൃതദേഹം രാവിലെ 9.30 മുതൽ 10.30 കേരള ഹൈക്കോടതി ചേംബര്‍ കോംപ്ലക്സിൽ പൊതു ദര്‍ശനത്തിനു വച്ചിരുന്നു. തുടർന്നാണ് തമ്മനത്തെ വീട്ടിലേക്ക് കൊണ്ടു പോയത്.
Read More: തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അന്തരിച്ചു

നട്ടെല്ലിനു നടത്തിയ ശസ്ത്രക്രിയയുടെ ഭാഗമായി നേരിട്ട ശാരീരികഅസ്വാസ്ഥ്യങ്ങള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചതാണ് മരണകാരണം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി വെന്‍റിലേറ്ററില്‍ ആയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്.
Read More: അകാലത്തില്‍ പൊലിഞ്ഞ പ്രതിഭ; സച്ചിയ്ക്ക് ആദരാഞ്ജലികളുമായി സിനിമാ ലോകം
അദ്ദേഹത്തിന്റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വെന്റിലേറ്റര്‍ പിന്തുണയോടെ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മരണശേഷം സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
മരണത്തിൽ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിരവധി വിജയചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Read More: സച്ചി- പൃഥ്വി- ബിജു മേനോൻ: ഹിറ്റുകളുടെ കൂട്ടുകാർ
കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി എന്ന കെ ആർ സച്ചിദാനന്ദൻ തിരക്കഥാകൃത്തായാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. കോളേജ് കാലത്ത് തന്നെ നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സച്ചി കലാലയജീവിതത്തിനിടെ നിരവധി നാടകങ്ങളും സംവിധാനം ചെയ്തിരുന്നു. എറണാകുളം ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടിയ സച്ചി എട്ട് വർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകന്‍ ആയി പ്രാക്റ്റീസ് ചെയ്തിരുന്നു. അതിനു ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്.
ആദ്യകാലത്ത് സേതുവിനൊപ്പം ചേർന്ന് സച്ചി-സേതു എന്ന പേരിലായിരുന്നു തിരക്കഥകൾ എഴുതിയിരുന്നത്.
കവി , തിയേറ്റർ ആർട്ടിസ്റ്റ് , ചലച്ചിത്ര സഹ നിർമ്മാതാവ് എന്നീ നിലകളിലും സച്ചി പ്രവർത്തിച്ചിട്ടുണ്ട്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ ഭരണ സമിതി അംഗമാണ് .