അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ നിന്നും പുറത്താക്കണം എന്ന് സംവിധായകൻ രാജസേനൻ ഇന്നലെ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രാജസേനൻ അതിഥി തൊഴിലാളികൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. ഇവർ നാടിന് ആപത്താണെന്നും ഇവർ വന്നതോടെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ പോലുമാകാതെ മലിനപ്പെട്ടുവെന്നുമായിരുന്നു രാജസേനന്റെ വാക്കുകൾ. സംഭവം വിവാദമായതോടെ മാപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് രാജസേനൻ. ‘പറഞ്ഞത് തെറ്റായിപ്പോയി; ക്ഷമിക്കണം’ എന്നാണ് ഏറ്റവും പുതിയ വീഡിയോയിൽ രാജസേനൻ പറയുന്നത്.

“പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമെല്ലാം പറഞ്ഞതനുസരിച്ച് മലയാളികള്‍ 21 ദിവസം എല്ലാ നഷ്ടങ്ങളും സഹിച്ച് വീട്ടില്‍ ഇരിക്കുകയാണ്. അപ്പോഴാണ് പായിപ്പാട്ട് ഒരു സംഘം ആളുകള്‍ ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാന്‍ തുടങ്ങിയത്. അവരെ നമ്മള്‍ മുന്‍പ് വിളിച്ചിരുന്നത് അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നാണ്. എന്നാൽ ഇന്നലെ പെട്ടെന്ന് ചില ചാനലുകളൊക്കെ ഇവരെ അതിഥി തൊഴിലാളികളാക്കി. അതിഥി എന്ന വാക്കിന്റെ അര്‍ത്ഥം വിരുന്നുകാര്‍ എന്നാണ്. ഇവരെ മറ്റ് പല കാര്യങ്ങള്‍ക്കും വേണ്ടി നമ്മുടെ നാട്ടില്‍ പലരും ഉപയോഗിക്കുന്നു. പ്രത്യേകിച്ചും പൗരത്വ ബില്ലിനെതിരായ സമരം. 21വരെ എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ ഇവര്‍ കാട്ടിക്കൂട്ടിയ കോപ്രായം എന്താണ്. അന്യസംസ്ഥാന തൊഴിലാളികളെ ഹോട്ടലുകളില്‍ കയറ്റിയതോടെ ഹോട്ടലുകള്‍ വൃത്തിഹീനമായി. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അപേക്ഷയുണ്ട്. ഇവരെ ഇവിടെ നിന്ന് പുറത്താക്കണം. ഇതുപൊലൊരു സന്ദര്‍ഭം വേറെ കിട്ടാനില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിന് ആപത്താണ്. ഇവരെ നാട്ടില്‍ നിന്ന് ഓടിക്കണം,” എന്നതാണ് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടവെച്ച രാജസേനന്റെ വാക്കുകൾ.

Read more: ‘അന്യസംസ്ഥാന തൊഴിലാളികളെ പുറത്താക്കണം’; വംശീയ അധിക്ഷേപവുമായി രാജസേനൻ

“മലയാളിയുടെ പ്രബുദ്ധത ഇതിലൂടെ തെളിയണം. ഈ കാര്യത്തിൽ എങ്കിലും രാഷ്ട്രീയം കാണല്ലേ,” എന്ന അടിക്കുറിപ്പോടെയാണ് രാജസേനൻ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഞായറാഴ്ച രാവിലെ മുതല്‍ വിവിധ ക്യാമ്പുകളിൽ താമസിക്കുന്ന മൂവായിരത്തിൽ അധികം വരുന്ന തൊഴിലാളികൾ പായിപ്പാട് ജംങ്ഷനിൽ പ്രതിഷേധവുമായി എത്തിയിരുന്നു. തങ്ങൾക്ക് ഭക്ഷണവും വെള്ളവുമെല്ലാം ലഭിക്കുന്നുണ്ടെന്നും, എന്നാൽ സ്വന്തം നാടുകളിലേക്ക് പോകുകയാണ് തങ്ങളുടെ ആവശ്യമെന്നുമാണ് ഇവർ പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജസേനൻ വിവാദ പരാമർശം നടത്തിയത്. രാജസേനന്റെ വാക്കുകൾ വംശീയ അധിക്ഷേപമാണെെന്ന് ചൂണ്ടികാട്ടി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ സംവിധായകനെതിരെ വിമർശനം ഉന്നയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.