/indian-express-malayalam/media/media_files/uploads/2019/01/Priyanandanan.jpg)
തൃശ്ശൂർ: സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം. തൃശ്ശൂരിൽ അദ്ദേഹത്തിന്റെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. ചാണകവെളളം ദേഹത്ത് ഒഴിച്ച ശേഷം തലയ്ക്ക് ആഞ്ഞടിച്ചതായി പ്രിയനന്ദനൻ ആരോപിച്ചു. പ്രിയനന്ദനനെ ആക്രമിച്ചത് ആർഎസ്എസ് പ്രവർത്തകൻ തന്നെയെന്ന് പൊലീസ് വ്യക്തമാക്കി.
തനിക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നാണ് പ്രിയനന്ദനന്റെ ആരോപണം. "ഞാൻ പതിവായി രാവിലെ കടയിലേക്ക് പോകുന്നയാളാണ്. സാധാരണ രാവിലെ ഏഴ് മണിക്കാണ് പോകാറുളളത്. ഇന്ന് പോയപ്പോൾ ഒൻപത് മണിയായി. കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് ആക്രമണം ഉണ്ടായത്."
"കണ്ടാൽ അറിയാവുന്ന ആളാണ് ആക്രമണത്തിന് പിന്നിൽ. പ്രദേശത്തെ ആർഎസ്എസ് - ബിജെപി പ്രവർത്തകനാണ് ഇയാൾ. രാവിലെ മുതലേ തന്നെ കാത്ത് വഴിയരികിൽ അടച്ചുവെച്ച ബക്കറ്റുമായി അയാൾ ഇരിപ്പുണ്ടായിരുന്നുവെന്നാണ് സംഭവം കണ്ട ഒരാൾ പറഞ്ഞത്," എന്നും പ്രിയനന്ദനൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് പ്രിയനന്ദനൻ ഇട്ട കുറിപ്പ് വലിയ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയരുകയും ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് പ്രിയനന്ദനൻ പിൻവലിക്കുകയും ചെയ്തു.
പ്രിയനന്ദനന് ഉണ്ടായിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് ആക്രമണം. ആക്രമണത്തിന് പിന്നാലെ പ്രിയനന്ദനൻ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഈ ആക്രമണത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.