തിരുവനന്തപുരം: സിനിമ- നാടക സംവിധായകനും നടനുമായ നാവായിക്കുളം പാലാഴിയിൽ കെ.പി. പിള്ള അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.
രാമു കാര്യാട്ടിന്റെ അഭയം (1970) എന്ന ചിത്രത്തിൽ സഹസംവിധായകനായി കൊണ്ടാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് മധുവിന്റെ പ്രിയ, മയിലാടുംകുന്ന്, പണിതീരാത്ത വീട്, ആദ്യത്തെ കഥ, ഇൻക്വിലാബ് സിന്ദാബാദ് തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു.
നഗരം സാഗരം (1974) എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. അഷ്ടമുടിക്കായൽ, വൃന്ദാവനം, പ്രിയസഖി രാധ, കതിർ മണ്ഡപം, പാതിരാസൂര്യൻ എന്നീ ചിത്രങ്ങളുടെയും സംവിധായകനായിരുന്നു.
21 വർഷത്തോളം ഇന്ത്യൻ എയർഫോഴ്സിലും കെ.പി.പിള്ള സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അക്കാലത്ത് അദ്ദേഹം നാടക വേദികളിൽ സംവിധായകനായും നടനായും പ്രവർത്തിച്ചു. അലഹബാദ്, താംബരം, കാൻപൂർ, അംബാല എന്നിവിടങ്ങളിൽ മലയാള നാടക സംവിധായകനായും പ്രവർത്തിച്ചു.